ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരിലൊരാളായ ഇന്ദിര ഗാന്ധിയുടെ കഥയുമായി വെബ് സീരീസ് ഒരുങ്ങുന്നു. ലഞ്ച് ബോക്സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഇന്ദിര ഗാന്ധിയായി വിദ്യാ ബാലനാണ് എത്തുക. വിദ്യയുടെ വെബ് സീരീസ് അരങ്ങേറ്റം കൂടിയാവുമിത്.
സീരീസിനെ കുറിച്ച് വിദ്യ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. താനൊരു വെബ് സീരീസ് ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇതെന്നും അത് അധികം വൈകില്ലെന്നുമാണ് പ്രതീക്ഷയെന്നുമാണ് വിദ്യ അന്ന് പറഞ്ഞത്. സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
മിഷന്‍ മംഗളാണ് വിദ്യാ അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അക്ഷയ്കുമാര്‍ നായകനായെത്തിയ ചിത്രം മിഷന്‍ മംഗളിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയചിത്രത്തില്‍ നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.