‘മുംബൈ പൊലീസ്’ ഹിന്ദിയില്‍ ‘ദേവ’ ആയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചോ? റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് സിനിമ ആയാണ് ദേവ ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഷാഹിദ് കപൂറിനെ നായകനാക്കി മുംബൈ പൊലീസ് എത്തിയപ്പോള്‍ ഓപ്പണിങ് ദിനത്തില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് ഡബ്യൂ റോഷന്‍ ആന്‍ഡ്രൂസ് കളര്‍ ആക്കി എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും അടക്കം അഭിപ്രായപ്പെടുന്നതും.
ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഷാഹിദ് കപൂര്‍ കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. താരത്തിന്റേത് കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണെന്നും ബീസ്റ്റ് മോഡിലാണെന്നും പ്രേക്ഷകര്‍ എക്സില്‍ കുറിച്ചിട്ടുണ്ട്. കബീര്‍ സിങ് എന്ന സിനിമയ്ക്ക് ശേഷം ഷാഹിദിന്റെ അഴിഞ്ഞാട്ടം ആണ് സിനിമയില്‍ എന്നും വളരെ മികച്ച രീതിയിലാണ് റോഷന്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്നുമാണ് മറ്റ് ചില അഭിപ്രായങ്ങള്‍. സ്ഥിരം ബോളിവുഡ് സ്‌റ്റൈലില്‍ നിന്ന് മാറിയുള്ള ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി നേടണമെന്ന ആഗ്രഹവും ചിലര്‍ അറിയിക്കുന്നുണ്ട്.
ബോക്‌സ് ഓഫീസില്‍ ഓപ്പണിങ് ദിനത്തില്‍ 5 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്. 2024ലെ ഷാഹിദ് കപൂറിന്റെ അവസാന ചിത്രമായ ‘തേരി ബാതോം മേ ഐസ ഉല്‍ജാ ജിയ’ എന്ന സിനിമയുടെ ആദ്യ ദിന കളക്ഷനേക്കാള്‍ 1.7 കോടി രൂപ കുറവാണ് ചിത്രത്തിന്റെ വരുമാനം. എങ്കിലും സിനിമ ബോളിവുഡിന് മുതല്‍ക്കൂട്ടാകും എന്ന അഭിപ്രായത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം ഓണ്‍ലൈനില്‍ ചോര്‍ന്നത് കളക്ഷന്‍ നേടുന്നതില്‍ വെല്ലുവിളി ആയേക്കും എന്ന ആശങ്കകളും ഉയരുന്നുണ്ട്. ‘ദേവ മൂവി ഡൗണ്‍ലോഡ്’, ‘ദേവ മൂവി എച്ച്ഡി ഡൗണ്‍ലോഡ്’, ‘ദേവ തമിഴ്റോക്കേഴ്സ്’, ‘ദേവ ഫിലിംസ്’, ‘ദേവ ടെലിഗ്രാം ലിങ്കുകള്‍’, ‘ദേവ മൂവി ഫ്രീ എച്ച്ഡി ഡൗണ്‍ലോഡ്’ എന്നീ കീവേഡുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാത്രമല്ല, സിനിമയിലെ കിസ്സിങ് സീന്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും എത്തിയിട്ടുണ്ട്.
പൂജ ഹെഗ്ഡെയാണ് സിനിമയില്‍ നായികയായി എത്തുന്നത്. പവൈല്‍ ഗുലാട്ടി, പ്രാവേഷ് റാണാ, മനീഷ് വാധ്വാ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ & അബ്ബാസ് ദലാല്‍, അര്‍ഷാദ് സയ്യിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂര്‍ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറും ഉമേഷ് കെആര്‍ ബന്‍സാലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
അതേസമയം, സിനിമയ്ക്കായി 79 ദിവസത്തെ ചിത്രീകരണമാണ് ദേവയ്ക്കായി റോഷന്‍ ആന്‍ഡ്രൂസ് നടത്തിയത്. മൂന്ന് മാസം കൊണ്ടാണ് സിനിമയുടെ കാസ്റ്റിങ് നടത്തിയത്. ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് ആയാണ് പൂജ ഹെഗ്‌ഡെ സിനിമയില്‍ എത്തുന്നത്. ദേവ ഒരുക്കുന്നതിന് മുമ്പ് റോഷന്‍ ആന്‍ഡ്രൂസ് ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയിരുന്നു. സംവിധായകന്‍ പലതവണ മുംബൈ സന്ദര്‍ശിച്ചിരുന്നു. ധാരാവി, കാമാത്തിപുര തുടങ്ങിയ സ്ഥലങ്ങളിലും പോയി. ലോക്കല്‍ ട്രെയിനിലും ബസിലും യാത്ര ചെയ്തു. ലോക്കല്‍ ഫുഡ് കഴിച്ചു.
അവരുടെ വസ്ത്രധാരണം, സംസാരം തുടങ്ങിയവയെല്ലാം അറിയാന്‍ ശ്രമിച്ചു. ഈ യാത്രകളില്‍ തന്നെ കഥ പറയാന്‍ പറ്റുന്ന ലൊക്കേഷനുകളും കണ്ടെത്തി. ഒരുപാട് റിയല്‍ ലൊക്കേഷനിലാണ് സിനിമ ഷൂട്ട് ചെയ്തത്. മുംബൈയിലെ റിയല്‍ ലൊക്കേഷനില്‍ കയറി ഒരു സിനിമ ഷൂട്ട് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. അത്രയും തിരക്കും ട്രാഫിക്കുമുള്ള മഹാനഗരം ആണ് മുംബൈ. ഇതിലെല്ലാം നിര്‍മ്മാതാവിന്റെ പിന്തുണ ലഭിച്ചിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.