സെയ്ഫിന് 25 ലക്ഷം ഇന്‍ഷുറന്‍സ് തുക, ചിലവായത് ഒരു ലക്ഷം മാത്രം; സാധാരണക്കാര്‍ക്ക് അക്ഷരത്തെറ്റ് പറഞ്ഞ് പണം നിഷേധിക്കും, ചര്‍ച്ചയാകുന്നു

സെയ്ഫ് അലിഖാന് അനുവദിച്ച ഇന്‍ഷുറന്‍സ് തുകയുടെ പേരില്‍ വിവാദം. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സാധാരണക്കാരെയും പ്രമുഖ താരങ്ങളെയും രണ്ട് തരത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പെരുമാറുന്നത് എന്ന ചര്‍ച്ചകളാണ് എത്തുന്നത്.

നിവാ ബുപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ചികിത്സയ്ക്കായി 35.95 ലക്ഷം രൂപയാണ് സെയ്ഫ് ആവശ്യപ്പെട്ടത്. 25 ലക്ഷം രൂപ കമ്പനി അനുവദിച്ചു. ലീലാവതി ആശുപത്രിയിലെ 5 ദിവസത്തെ ചികിത്സാച്ചെലവ് 26 ലക്ഷം രൂപ. താരത്തിന് ചിലവായത് ഒരു ലക്ഷം രൂപ മാത്രമാണ്.

എന്നാല്‍ ചെറിയ ആശുപത്രികള്‍ക്കും സാധാരണക്കാര്‍ക്കും ഇത്തരം ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറഞ്ഞ തുക മാത്രമേ അനുവദിക്കാറുള്ളൂ എന്നാണ് വിമര്‍ശനം. പല പേരുകള്‍ പറഞ്ഞു പൂര്‍ണ കവറേജ് നല്‍കില്ലെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി. സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നത്. ഫോമിലെ അക്ഷരത്തെറ്റ് അടക്കമുള്ള പിഴവുകള്‍ക്ക് പോലും കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക നിഷേധിച്ചതും പലരും പങ്കുവച്ചു.

അതേസമയം, ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

Read more