മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്നുകൊണ്ടിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണയെ കണ്ട് നടന്‍ സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച മുംബൈ ലീലാവതി ആശുപത്രിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ക്കണ്ടത്. റാണയോട് സെയ്ഫ് അലിഖാന്റെ അമ്മയും നടിയുമായ ഷര്‍മിള ടാഗോര്‍ നന്ദി പറഞ്ഞു.
അഞ്ച് മിനുറ്റോളം റാണയോട് സംസാരിക്കുകയും ആശ്ലേഷിക്കുകയും ചെയ്ത സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേര്‍ന്ന് ചിത്രവുമെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു.
In pictures: Actor Saif Ali Khan met Bhajan Singh Rana, the rickshaw driver who saved his life, and thanked him for his help https://t.co/4zbSQbGh0C pic.twitter.com/QbhrTXo9DR
— IANS (@ians_india) January 22, 2025
ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചോര വാര്‍ന്നുകൊണ്ടിരിക്കെ സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചതിനെ കുറിച്ച് റാണ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ”തിരക്കിട്ട് പോകുമ്പോഴാണ് ഗേറ്റിനടുത്ത് നിന്ന് ഒരു വിളി കേട്ടത്. ഒരു സ്ത്രീ സഹായത്തിനായി കരഞ്ഞു വിളിക്കുകയായിരുന്നു.”
”ഓട്ടോയില്‍ കയറിയത് സെയ്ഫ് അലിഖാനാണെന്ന് ആദ്യം മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നുവന്നാണ് ഓട്ടോയില്‍ കയറിയത്. ഒരു കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്താന്‍ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്.”
”എട്ടോ പത്തോ മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്ത് നിന്നും കഴുത്തില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് പൈസ പോലും വാങ്ങിയില്ല ഞാന്‍. ഒരാളെ സമയത്ത് സഹായിക്കാന്‍ സാധിച്ചല്ലോ എന്നാണ് കരുതിയത്” എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ പറഞ്ഞത്.