ഇനിയുമൊരു ഫ്‌ളോപ്പ് താങ്ങില്ല..; പുതിയ സിനിമ പേര് മാറ്റി വീണ്ടും ചിത്രീകരിച്ച് സല്‍മാന്‍ ഖാന്‍

തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയൊരു സിനിമയുമായി എത്തുകയാണ് സല്‍മാന്‍ ഖാന്‍. ഇനിയൊരു പരാജയം കരിയറില്‍ ഉണ്ടാകരുത് എന്ന് ഉറപ്പിച്ചാണ് താരത്തിന്റെ വരവ്. ‘കിസി കാ ഭായ് കിസി കാ ജാന്‍’ എന്ന ചിത്രമാണ് സല്‍മാന്റെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പേരും, താരങ്ങളെയും സല്‍മാന്‍ മാറ്റിയിരുന്നു.

‘കഭി ഈദ് കഭി ദിവാലി’ എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്. ചിത്രത്തിന്റെ ഗാനങ്ങള്‍ വരെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കാത്തതിനാല്‍ സിനിമയുടെ പേര് ‘ഭായ്ജാന്‍’ എന്നാക്കി മാറ്റിയിരുന്നു. പിന്നീടാണ് സിനിമയ്ക്ക് ‘കിസി കാ ഭായ് കിസി കാ ജാന്‍’ എന്ന പേര് നല്‍കിയത്.

ഫര്‍ഹാദ് സാംജി ഒരുക്കുന്ന സിനിമയിലെ അഭിനേതാക്കളെയും മാറ്റി പുതിയ താരങ്ങളെയും സല്‍മാന്‍ കൊണ്ടി വന്നിട്ടുണ്ട്. സംവിധായകന്‍ ഫര്‍ഹാദ് ആണെങ്കിലും ക്യാമറയ്ക്ക് പിന്നിലും എഡിറ്റിംഗിലും സല്‍മാന്‍ സജീവമായി ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന് സിനിമയുടെ ചില ഭാഗങ്ങള്‍ വീണ്ടും മാറ്റി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

പൂജ ഹേഗ്‌ഡെ, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, രാഘവ് ജുയല്‍ എന്നിവര്‍ എത്തിയ ഗാനരംഗവും സല്‍മാന്‍ വീണ്ടും മാറ്റി ചിത്രീകരിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാം ചരണ്‍, വെങ്കടേഷ്, ജഗപതി ബാബു എന്നിവരും സിനിമയില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. അജിത്തിന്റെ ‘വീരം’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ഈ സിനിമ.

Read more

അതേസമയം, സല്‍മാന്റെതായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും തിയേറ്ററുകളില്‍ എത്തിയ സിനിമകള്‍ ഫ്‌ളോപ്പ് ആയിരുന്നു. ‘കാഗസ്’, ‘രാധെ’, ‘ആന്റിം’, ‘ഗോഡ്ഫാദര്‍’ എന്നീ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ന്നിരുന്നു. അടുത്ത സിനിമയും പരാജയപ്പെടുമോ എന്ന ഭയത്തിലാണ് സല്‍മാന്‍ ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.