യുകെ വിസ നിഷേധിക്കപ്പെട്ടതിന് പിന്നാലെ സിനിമ നഷ്ടപ്പെട്ടതായി ബോളിവുഡ് താരം സഞ്ജയ് ദത്ത്. ‘സണ്‍ ഓഫ് സര്‍ദാര്‍ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി യുകെയിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് നടന്റെ വിസ റദ്ദാക്കിയത്. സഞ്ജയ് ദത്തിന് പകരം രവി കിഷന്‍ ആണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
വിസ അനുവദിച്ച ശേഷം പണം നല്‍കി പോകാന്‍ ഒരുങ്ങവെയാണ് വിസ റദ്ദാക്കിയത് എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ”യുകെ സര്‍ക്കാറിന്റെ നടപടി ശരിയല്ല. ആദ്യം അവര്‍ എനിക്ക് വിസ അനുവദിച്ചിരുന്നു. പണവും നല്‍കി. എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കുകയായിരുന്നു.”
”എന്നാല്‍ ഒരു മാസത്തിന് ശേഷം എന്റെ വിസ റദ്ദാക്കി എന്ന് പറഞ്ഞ് അറിയിപ്പ് വന്നു. അവര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഞാന്‍ നല്‍കിയതാണ്. പ്രശ്നമുണ്ടെങ്കില്‍ അവര്‍ ആദ്യമേ വിസ തരരുതായിരുന്നു. എല്ലാ രാജ്യങ്ങളുടെയും നിയമങ്ങളും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അവര്‍ തെറ്റ് തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.”
”എനിക്ക് സിനിമ നഷ്ടമായ ദുഖമൊന്നുമില്ല. അല്ല, ഇപ്പോള്‍ ആര്‍ക്കാണ് യുകെയില്‍ പോകേണ്ടത്. അവിടെ മുഴുവന്‍ വലിയ കലാപം നടക്കുകയല്ലേ. ഈ സാഹചര്യത്തില്‍ യുകെയിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പോലും പറഞ്ഞിട്ടുണ്ട്” എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്.
അതേസമയം, ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ബ്രിട്ടനില്‍ തുടരുകയാണ്. 1993 ലെ മുംബൈ സ്സ്ഫോടനക്കേസില്‍ ആറ് വര്‍ഷം സഞ്ജയ് ദത്തിന് ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്.
തീവ്രവാദ ബന്ധവും ആയുധം കൈവശം വയ്ക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 2007ല്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് നടന് വിസ നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.