കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായ സന്തോഷം പങ്കുവെച്ച് നടന്‍ സഞ്ജയ്. മുംബൈ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ആശുപത്രി വിട്ടു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഓഗസ്റ്റ് മുതല്‍ ചികിത്സയിലായിരുന്നു സഞ്ജയ് ദത്ത്. ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ താരം മക്കളുടെ പിറന്നാള്‍ ആഘോഷത്തില്‍ വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തു.
അതേസമയം, 735 കോടി രൂപയുടെ ബജറ്റില്‍ അഞ്ച് ചിത്രങ്ങളാണ് സഞ്ജയ് ദത്തിന്റെതായി ഒരുങ്ങുന്നത്. കെജിഎഫ് ചാപ്റ്റര്‍ 2, ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ, ഷംഷേര, ടോര്‍ബാസ്, പൃഥ്വിരാജ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ: സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ അജയ് ദേവ്ഗണും സൊനാക്ഷി സിന്‍ഹയും അഭിനയിക്കുന്നുണ്ട്. 80 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യും. 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധ സമയത്ത് ഭുജ് വിമാനത്താവളത്തിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎഫ് സ്‌ക്വാഡ്രണ്‍ നേതാവ് വിജയ് കാര്‍ണിക്കിന്റെ ജീവിതത്തെ കുറിച്ചാണ് ചിത്രം.
കെജിഎഫ്: ചാപ്റ്റര്‍ 2: തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന അധീര എന്ന വില്ലന്‍ വേഷത്തിലാണ് സഞ്ജയ് എത്തുക. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും എത്തും.
ഷംഷേര: 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്രത്തിനായി പോരാടിയ ഡാക്കോയിറ്റ് ഗോത്രത്തെ കുറിച്ചാണ്. നടി വാണി കപൂര്‍ ചിത്രത്തില്‍ നര്‍ത്തകിയുടെ വേഷത്തില്‍ എത്തുന്നുണ്ട്. ജൂലൈ 31ന് റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
പൃഥ്വിരാജ്: 300 കോടി ബജറ്റിലാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഏകദേശം അറുപത് ശതമാനവും ചിത്രീകരിക്കാനുണ്ട്. ചഹമാന രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും മാനുഷി ചില്ലറുമാണ് അഭിനയിക്കുന്നത്.
ടോര്‍ബാസ്: അഫ്ഗാനിസ്ഥാനിലെ കുട്ടി ചാവേറുകളെ കുറിച്ചാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍. നര്‍ഗീസ് ഫക്രി നായികയാവുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി. എന്നാല്‍ റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. 25 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആര്‍മി ഓഫീസറായാണ് സഞ്ജയ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.