ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്‌ന ഭവാനി. സുശാന്ത് കുറച്ച് വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രഹസ്യമായിരുന്നില്ല എന്നാല്‍ അദ്ദേഹത്തെ സഹായിക്കാനായി ആരും രംഗത്തു വന്നില്ല എന്നാണ് സപ്‌ന ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയിലെ ബന്ധങ്ങള്‍ ആഴമില്ലാത്തതാണെന്നും സപ്‌ന കുറിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടു ജോലിക്കാരനാണ് ആദ്യം നടനെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നല്‍കുന്നത്.
ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. “ദില്‍ബേചാരാ” എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.