ഇന്ത്യന്‍ സിനിമാ ലോകത്തെ അതിശയിപ്പിച്ച വിജയമാണ് ബോളിവുഡ് ചിത്രം പഠാന്‍ കരസ്ഥമാക്കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഈ സിനിമ നേടിയ ഗ്രോസ് കളക്ഷന്‍ 1000 കോടിയില്‍ ഏറെയാണ്. കരിയറിലെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് നാല് വര്‍ഷം സിനിമയില്‍ നിന്ന് അകന്നു നിന്നതിനു ശേഷം ഷാരൂഖ് ചെയ്ത സിനിമയെന്ന പ്രത്യേകതയും പഠാനുണ്ട്. ഇപ്പോഴിതാ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷാരൂഖ് ഖാന് ലഭിച്ച പ്രതിഫലമെന്താണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്.
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രതിഫലം ആയിരുന്നില്ല ഷാരൂഖ് ഖാന് ചിത്രത്തില്‍. മറിച്ച് ലാഭവിഹിതം പങ്കുവെയ്ക്കുന്ന കരാര്‍ ആയിരുന്നു. നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം എന്നായിരുന്നു കരാര്‍. 270 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ?ഗ്രോസ് കളക്ഷന്‍ 657.85 കോടിയും വിദേശത്തുനിന്ന് നേടിയത് 392.55 കോടിയുമാണ്.
ആകെ 1050.40 കോടി! ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്‌സില്‍ നിന്ന് 30 കോടിയും ലഭിച്ചു. മുഴുവന്‍ വരുമാനവും പരിഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്.
അതായത് 333 കോടി രൂപ ലാഭം! കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തിയേറ്ററില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.