ഒരു ചൈനീസ് റസ്റ്റോറന്റ് ഒന്നിച്ച് തുടങ്ങാമെന്ന് ജാക്കി ചാന്‍ പറഞ്ഞിട്ടുണ്ട്.. ആര്യന്‍ ജനിച്ചപ്പോള്‍ അദ്ദേഹത്തെ പോലെയായിരുന്നു: ഷാരൂഖ് ഖാന്‍

തന്റെ മകന്‍ ആര്യന്‍ ഖാന്‍ ജനിച്ചപ്പോള്‍ അവന്‍ കാണാന്‍ ജാക്കി ചാനെ പോലെയാണെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ഷാരൂഖ് ഖാന്‍. സ്വിറ്റ്‌സര്‍ലാന്റിലെ ലോകാര്‍ണോയില്‍ നടന്ന 77-ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാരൂഖ് ഇങ്ങനെ പറഞ്ഞത്. തന്റെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ജാക്കി ചാന്‍ എന്നും ഷാരൂഖ് വ്യക്തമാക്കി.

”എക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ജാക്കി ചാന്‍ ഉണ്ടാകും. അദ്ദേഹം വളരെയധികം രസികനും നന്നായി ശരീരം സൂക്ഷിക്കുന്നയാളുമാണ്. അദ്ദേഹം എല്ലായ്‌പ്പോഴും എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ആദ്യത്തെ മകന്‍ ആര്യന്‍ ജനിച്ചപ്പോള്‍, അവന്‍ ജാക്കി ചാനെ പോലെയാണെന്ന് എനിക്ക് തോന്നി.”

”അവന്‍ ജാക്കി ചാനെപ്പോലെയാണ്. പിന്നീട് അവന്‍ ജാക്കി ചാനായി വളരുമെന്ന് കരുതി ഞാന്‍ അവനെ തായ്‌കൊണ്ടോ പരിശീലിപ്പിച്ചു. അവന്‍ ജാക്കി ചാന്‍ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു. സത്യസന്ധമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ വച്ച് ജാക്കി ചാനെ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.”

”ഞാന്‍ പ്രതീക്ഷിച്ചത് പോലെ അദ്ദേഹം വളരെയധികം എളിമയുള്ളവനും സ്വീറ്റുമായിരുന്നു. ഒരുമിച്ച് ഒരു ചൈനീസ് റസ്റ്റോറന്റ് തുടങ്ങാമെന്ന് പോലും അദ്ദേഹം എന്നോട് പറഞ്ഞു” എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അതേസമയം, ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ ലെപ്പാര്‍ഡ് നല്‍കി ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍.

Read more