എനിക്ക് ഇടക്കിടെ ആഗ്രഹം തോന്നും.. അത് കിട്ടിയില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ട്: ഷാരൂഖ് ഖാന്‍

ഹൊറര്‍ സിനിമ ചെയ്യാനുള്ള ആഗ്രഹം പറഞ്ഞ് ബോളിവുഡ് താരം ഷാരൂഖ് ഖാനും. 77ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയതിന് പിന്നാലെ ആരാധകരുമായി നടത്തിയ സംവാദത്തിനിടെയാണ് ഷാരൂഖ് ഇനി ചെയ്യാന്‍ കാത്തിരിക്കുന്ന സിനിമകളെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ 35 വര്‍ഷത്തെ കരിയറിന് പ്രേക്ഷകരോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. ഒരുപാട് നന്ദിയുണ്ട്. എന്നാലും ഒരു ഹൊറര്‍ ചിത്രം ചെയ്യാന്‍ അതിയായ ആഗ്രഹം ഉണ്ട്. എനിക്ക് ഹൊറര്‍ സിനിമ ചെയ്യാന്‍ ഇടക്കിടെ ആഗ്രഹം തോന്നും. ആരെങ്കിലും ഒരു ഹൊറര്‍ സിനിമ വാഗ്ദാനം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇനി അത് സംഭവിച്ചില്ലെങ്കില്‍ എനിക്ക് ഒരു പ്ലാന്‍ ബി ഉണ്ട്, നമുക്ക് കോമഡി ചെയ്യാം എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. കോവിഡ് കാലത്ത് താന്‍ ആക്ഷന്‍ സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും ഷാരൂഖ് പറയുന്നുണ്ട്. കോവിഡ് സമയത്ത് രണ്ട് വര്‍ഷത്തോളം ഞാന്‍ ശരിക്കും ജോലി ചെയ്തില്ല.

ആക്ഷന്‍ സിനിമ ചെയ്യണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം. ആരെങ്കിലും എനിക്ക് ഒരു ആക്ഷന്‍ സിനിമ നല്‍കാനായി ഞാന്‍ കാത്തിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് ആദിത്യ ചോപ്ര എനിക്ക് പഠാന്‍ തന്നത് എന്നാണ് ഷാരൂഖ് പറയുന്നത്. ആയിരം കോടിക്ക് മുകളില്‍ കളക്ഷന്‍ ആണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

അതേസമയം, ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ ഒടുവില്‍ വേഷമിട്ടത്. ആയിരം കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി പഠാന്‍, ജവാന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം എത്തിയ ഡങ്കി വലിയ വിജയം നേടിയില്ല. എങ്കിലും മികച്ച കളക്ഷന്‍ സിനിമ നേടിയിരുന്നു.

Read more