പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു.
അതേസമയം, ഇതേ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍ തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്പനികള്‍ക്ക് പരസ്യം നല്‍കുന്നത് തെറ്റാണ് എ ന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഒക്ടോബര്‍ 22 ന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയക്കുകയായിരുന്നു. അതേസമയം, ഇനി പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വിമല്‍ പാന്‍മസാലയുടെ പരസ്യം വീണ്ടും എത്തിയപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് മുമ്പേ അഭിനയിച്ച പരസ്യമാണെന്നും തങ്ങളുടെ കരാര്‍ അവസാനിക്കുന്നതു വരെ പരസ്യം പ്രചരിപ്പിക്കാന്‍ കമ്പനിക്ക് അവകാശമുണ്ടെന്നും ആയിരുന്നു അക്ഷയ് കുമാര്‍ വ്യക്തമാക്കിയത്.