ഈ വര്‍ഷം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത സിനിമയാണ് ‘ദി കേരള സ്റ്റോറി’. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വിവാദമായിരുന്നു. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്നു പറഞ്ഞു കൊണ്ടെത്തിയ ചിത്രം വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.
ഭര്‍ത്താവ് നിര്‍മ്മിച്ച കേരളാ സ്റ്റോറിയില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നെങ്കില്‍ ചെയ്യുമായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് വിപുല്‍ ഷായുടെ ഭാര്യയും നടിയുമായ ഷെഫാലി ഷാ. ”എനിക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. സാധാരണ സോഷ്യല്‍ മീഡിയയില്‍ എനിക്ക് ധാരാളം സ്നേഹവും ബഹുമാനവും ലഭിക്കാറുണ്ട്.”
”ഞാന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവച്ചിരുന്നു. അതിന്റെ പേരില്‍ എന്നെ എത്ര മോശമായി ട്രോളിയെന്ന് എനിക്ക് പറയാനാവില്ല. ഒറ്റ രാത്രി കൊണ്ട് ആളുകള്‍ എന്നെ വെറുക്കുന്നതു പോലെ ആയി. കഥയെ സാധൂകരിക്കുന്ന തെളിവുകള്‍ സഹിതം വാഗ്ദാനം ചെയ്താല്‍, എന്തു കൊണ്ട് ചെയ്തു കൂടാ?”
”ഡല്‍ഹി ക്രൈം’ പോലെ തന്നെ പ്രധാനമാണ് ഇതും. ഇതും പറയേണ്ടത് തന്നെയാണ്. തെളിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍, അത് സാങ്കല്‍പ്പികമാണെങ്കില്‍, ഞാന്‍ അതിനെ കുറിച്ച് വളരെ ജാഗ്രത പുലര്‍ത്തും. പക്ഷേ, ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം, ഞാന്‍ തിരക്കഥ വായിച്ചിട്ടുണ്ട്.”
”സര്‍ക്കാരില്‍ നിന്ന് വന്ന എല്ലാ പ്രസ്താവനകളും കണ്ടിട്ടുണ്ട്. എന്തു കൊണ്ട് ചെയ്തു കൂടാ? എന്റെ അഭിപ്രായത്തില്‍, ഇത് ഒരു സ്ത്രീയെ കുറിച്ചാണ്, അത് ഒരു മതത്തെ കുറിച്ചല്ല, തീവ്രവാദികളെ കുറിച്ചാണ് ഈ ചിത്രം” എന്നാണ് ഷെഫാലി ഷാ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചിരിക്കുന്നത്.