കങ്കണയെ അറസ്റ്റ് ചെയ്യണം, 'എമര്‍ജന്‍സി' നിരോധിക്കണം; ഹര്‍ജിയുമായി സിഖ് സംഘടനകള്‍

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ അറസ്റ്റ് ചെയ്യണമെന്നും ‘എമര്‍ജന്‍സി’ എന്ന ചിത്രം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍. മധ്യപ്രദേശിലെ സിഖ് സംഘടനകളാണ് സിനിമയുടെ റിലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജബല്‍പൂര്‍ സിഖ് സംഗത്തും ശ്രീ ഗുരു സിംഗ് സാഹിബ് ഇന്‍ഡോറും ചേര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അടിയന്തിരാവസ്ഥയുടെ കഥ പറയുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. നടി തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും. ചിത്രത്തില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറില്‍ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നെന്നും സമുദായം വോട്ടിന് പകരം ഖലിസ്ഥാന്‍ ആവശ്യപ്പെടുന്നവരായും സിഖ്കാരെ ബസില്‍ നിന്ന് ഇറക്കി വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.

നേരത്തെ പഞ്ചാബിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ഹര്‍ജിയുണ്ട്. സിനിമ തെറ്റായതും തെറ്റായതുമായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നുവെന്നും പഞ്ചാബിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം ‘എമര്‍ജന്‍സി’ നിരോധിക്കുന്നത് നിയമപരമായ കൂടിയാലോചനയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന സിഖ് സൊസൈറ്റി നേതാക്കളുമായുള്ള കൂടികാഴ്ചയിലായിലുന്നു മുഖ്യമന്ത്രിയുടെ മറുപടി.