ആ ആരാധകന്‍ കാരണമാണ് ഞങ്ങള്‍ ഒന്നിച്ചത്, ചായ് ഫ്‌ളൈറ്റ് പിടിച്ച് ഡേറ്റിംഗിന് വന്നു..; പ്രണയകഥ വെളിപ്പെടുത്തി ശോഭിത

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ആയിരുന്നു നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തങ്ങള്‍ എങ്ങനെയാണ് പ്രണയത്തിലായത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശോഭിത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മി എനിതിങ് (AMA) സെക്ഷന്‍ ആണ് തങ്ങള്‍ അടുക്കാനുള്ള കാരണം എന്നാണ് ശോഭിത പറയുന്നത്.

വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭിത സംസാരിച്ചത്. ”ഒരു ആരാധകന്‍ എന്നോട് ചോദിച്ചത്, ‘എന്തുകൊണ്ട് ചായ് അക്കിനേനിയെ ഫോളോ ചെയ്യുന്നില്ല?’ എന്നായിരുന്നു. എന്ത്, എനിക്ക് മനസിലായില്ല. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ എടുത്ത് നോക്കി. മൊത്തം 70 പേരെ ചൈതന്യ ഫോളോ ചെയ്യുന്നുണ്ട്.”

”എനിക്ക് ആഹ്ലാദം തോന്നി, അതുകൊണ്ട് ഞാന്‍ അവനെ തിരിച്ച് ഫോളോ ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു. 2022 ഏപ്രിലില്‍ ഞങ്ങളുടെ ആദ്യ ബ്രേക്ക്ഫാസ്റ്റ് ഡേറ്റിനായി ചായ് ഫ്‌ളൈറ്റ് പിടിച്ച് മുംബൈയിലേക്ക് വന്നു. സ്വാഭാവികമായി പ്രണയത്തിലേക്ക് പോവുകയായിരുന്നു” എന്നാണ് ശോഭിത പറയുന്നത്.

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ആയിരുന്നു നാഗചൈതന്യയും ശോഭിതയും വിവാഹിതരായത്. 2017ല്‍ ആയിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്.

ഇതിന് ശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പിന്നീടാണ് പ്രണയം വെളിപ്പെടുത്തുന്നതും ഇരുവരും വിവാഹിതരാകുന്നതും.