പീഡിക്കപ്പെട്ട ശേഷം വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ ഇറങ്ങിപ്പോകുന്ന നടിമാരെ താന്‍ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സോമി അലി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംസാരിക്കവെയാണ് സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് സോമി അലി വ്യക്തമാക്കിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ ഒരു മുന്നറിയിപ്പാണ്. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, സിനിമയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ സ്വതന്ത്ര്യമായി ജോലി ചെയ്യാന്‍ സാധിക്കണം. ഞാന്‍ അഭിനയിക്കുന്ന കാലത്ത് പലരും പറഞ്ഞിട്ടുണ്ട്, മുന്നേറണമെങ്കില്‍ പലരുടെയും ഹോട്ടല്‍ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന്.
സിനിമയിലെ വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട് എന്നും സോമി അലി പറഞ്ഞു.
1990കളില്‍ ബോളിവുഡില്‍ തിളങ്ങിയിരുന്ന നടിയായിരുന്നു സോമി അലി. ക്രിഷന്‍ അവതാര്‍, ആന്തോളന്‍, മാഫിയ ചുപ് എന്നീ സിനിമകളില്‍ വേഷമിട്ട നടി സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം 1999ല്‍ അമേരിക്കിലേക്ക് തിരിച്ചു പോവുകയായിരുന്നു.
നിലവില്‍ നോ മോര്‍ ടിയേഴ്സ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് നടി. ഗാര്‍ഹിക പീഡനം, മനുഷ്യക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയവയുടെ ഇരകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് നോ മോര്‍ ടിയേഴ്സ് സ്ഥാപിച്ചത്.