രണ്ട് വര്‍ഷമായി ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അപ്പോഴെല്ലാം അദ്ദേഹം നിരസിക്കുകയായിരുന്നു; സോനം കപൂര്‍

ദുല്‍ഖറിനൊപ്പം സോനം കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന സോയ ഫാക്ടര്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
എല്ലാവരും കരുതിയിരിക്കുന്നത് സോയ ഫാക്ടറിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇമ്രാന്‍ ഖാനൊപ്പം ഞാന്‍ ഒരിക്കല്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ടില്ല. രണ്ട് വര്‍ഷത്തോളമായി ഞാന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ അദ്ദേഹം ഒരുപാട് സിനിമകള്‍ നിരസിച്ചു- സോനം പറഞ്ഞു.

നിരസിച്ചതല്ല, എനിക്ക് ഡേറ്റ് പ്രശ്നമുണ്ടായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ടാണ് വൈകിയത്. ദുല്‍ഖറും പറഞ്ഞു.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച “ദി സോയാ ഫാക്റ്റര്‍” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.”