അമ്മയുടെ സിനിമകള്‍ കാണാന്‍ സമ്മതിച്ചിരുന്നില്ല, കാരണം ഇതാണ്..; വെളിപ്പെടുത്തി ഖുഷി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ശ്രീദേവി. ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരു പോലെ വിപണനമൂല്യം കൈവരിച്ച നടിയാണ്. എല്ലാ ഭാഷകളിലും അവര്‍ക്ക് ആരധകരുമുണ്ട്. എന്നാല്‍ അമ്മ അഭിനയിച്ച സിനിമകള്‍ കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല എന്നാണ് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂര്‍ പറയുന്നത്.

അമ്മയുടെ സിനിമകള്‍ ഏറെക്കുറേ മുഴുവനും കണ്ടിട്ടുണ്ടാകുമല്ലേ എന്ന ചോദ്യത്തോട് ആയിരുന്നു ഖുഷി പ്രതികരിച്ചത്. അമ്മ അഭിനയിച്ച ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം കണ്ടത് രഹസ്യമായാണ് എന്നാണ് ഖുഷി പറയുന്നത്. അതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്.

അമ്മ അഭിനയിച്ച ചിത്രങ്ങള്‍ വീട്ടിലിരുന്നു കാണാന്‍ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത് എന്നായിരുന്നു ഖുഷിയുടെ മറുപടി. അമ്മയ്ക്ക് ചെറുതായി നാണം വരുമായിരുന്നു. അതുകൊണ്ട് എനിക്കും ജാന്‍വിക്കും ഒരു മുറിയിലിരുന്ന് രഹസ്യമായേ അമ്മയുടെ സിനിമകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ എന്നാണ് ഖുഷി പറയുന്നത്.

തന്റെ പുതിയ ചിത്രമായ ‘ലവ്യാപ’യുടെ പ്രമോഷനിടെ നല്‍കിയ അഭിമുഖത്തിലാണ് ഖുഷി സംസാരിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും രണ്ട് മക്കളില്‍ ഇളയ മകളാണ് ഖുഷി. ‘ദ ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ലവ്യാപ കൂടാതെ ‘നാടനിയന്‍’ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

Read more