ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് പിന്തുണയുമായി സുനില്‍ ഷെട്ടി. മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണം. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരം നല്‍കണമെന്നും സുനില്‍ ഷെട്ടി ആവശ്യപ്പെടുന്നു.
റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നതൊക്കെ നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികള്‍ പുരോഗമിക്കുകയാണ്. ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് നല്‍കണം.
ബോളിവുഡില്‍ എന്ത് സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പല തരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അവന്‍ കുട്ടിയാണ്. അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് എന്നാണ് ഒരു പരിപാടിക്കിടെ സുനില്‍ ഷെട്ടി പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ചോദ്യം ചെയ്ത എട്ടു പേരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് എട്ടുപേര്‍.
എന്‍സിബി സംഘം യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയതായി റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റസി, കൊക്കെയ്ന്‍, എംഡി (മെഫെഡ്രോണ്‍), ചരസ് തുടങ്ങിയ മരുന്നുകള്‍ കപ്പലില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് കണ്ടെടുത്തതായി ഏജന്‍സി അറിയിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കപ്പല്‍ മുംബൈയില്‍ നിന്ന് കടലില്‍ പോയതിന് ശേഷമാണ് പാര്‍ട്ടി ആരംഭിച്ചത്.