ഖാന്‍മാരെ കൊണ്ട് കഴിഞ്ഞില്ല, ബോളിവുഡിന് ബിഗ് ബ്രേക്ക് നല്‍കി 'ജാട്ട്'; ഇതിനിടെ ചര്‍ച്ചയായി സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്!

സണ്ണി ഡിയോളിന്റെ ‘ജാട്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരവെ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തില്‍ 22 രംഗങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകളും, പീഡനരംഗങ്ങളുമാണ് മാറ്റിയിരിക്കുന്നത്.

‘ഭാരത്’ എന്നതിന് പകരം ‘ഹമാര’ എന്നും ‘സെന്‍ട്രല്‍’ എന്നതിന് പകരം ‘ലോക്കല്‍’ എന്നുമാക്കി മാറ്റി. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു. പുരുഷ ഇന്‍സ്പെക്ടര്‍ സ്ത്രീയെ പീഡിപ്പിക്കുന്ന 40% കുറച്ചു. അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്. ഇ സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പത്ത് സീനുകള്‍ വരെ സിജിഐ ഉപയോഗിച്ചു എന്ന നിര്‍ദേശം കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2 മണിക്കൂര്‍ 33 മിനിറ്റും 31 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയുടെ വില്ലന്‍ കഥാപാത്രമായി എത്തുന്നത്.

അതേസമയം, ഗംഭീര അഭിപ്രായങ്ങളാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ സണ്ണി ഡിയോളിനെ ഇത്രയും പവര്‍ഫുള്‍ ആയി ആരും അവതരിപ്പിച്ചിട്ടില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. ‘ഗദര്‍ 2’വിന് ശേഷം സണ്ണി ഡിയോളിന്റെതായി എത്തിയ ചിത്രമാണ് ജാട്ട്. ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്തത്.