കശ്മീരിലെ ഹിന്ദു വംശഹത്യ കാണിച്ചതിന് കൊടുക്കേണ്ടി വന്ന വില; വീഡിയോയുമായി വിവേക് അഗ്നിഹോത്രി

‘ദ കാശ്മീര്‍ ഫയല്‍സ്’ സംവിധായകന്റെ ട്വീറ്റ് ചര്‍ച്ചയാവുന്നു. അടുത്തിടെയാണ് സംവിധായകന് വൈ കാറ്റഗറി സുരക്ഷാ അനുവദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷവലയത്തില്‍ സംവിധായകന്‍ തെരുവിലൂടെ നടക്കുന്ന കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വിവേക് അഗ്‌നിഹോത്രി തന്നെ പങ്കുവച്ചിരുന്നു.

കാശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ കാണിച്ചതിന് താന്‍ വില നല്‍കേണ്ടി വരുമെന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് കാശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ കാണിക്കാന്‍ ഒരാള്‍ കൊടുക്കേണ്ടി വരുന്ന വില, എന്നാണ് വിവേക് അഗ്‌നിഹോത്രി വൈ സുരക്ഷ കാറ്റഗറിയില്‍ നടക്കുന്ന വീഡിയോ പങ്കുവച്ച് സംവിധായകന്‍ കുറിച്ചത്.

എന്നാല്‍ സംവിധായകന് സുരക്ഷാ പരിരക്ഷ ലഭിക്കുന്നതിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണെന്ന കമന്റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 11ന് ആണ് കാശ്മീര്‍ ഫയല്‍സ് തിയേറ്ററുകളില്‍ എത്തിയത്. 1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവുമാണ് ചിത്രം പറഞ്ഞത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും നല്‍കിയിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 25 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 340 കോടി കളക്ഷന്‍ നേടിയിരുന്നു.