രാമനായി രണ്‍ബീര്‍, രാവണനായി യഷ്; രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സിനിമ നിര്‍മാതാക്കളില്‍ ഒരാളായ നമിത് മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘5000 വര്‍ഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാന്‍ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ ഞങ്ങളോടൊപ്പം ചേരൂ,’ നമിത് മല്‍ഹോത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാമനായി രണ്‍ബീര്‍ കപൂറാണ് വേഷമിടുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്. യാഷ് ആണ് രാവണനായി എത്തുക.

സണ്ണി ഡിയോള്‍ ഹനുമാനായും, ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂര്‍പണഖയായും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും എന്നും സൂചനകളുണ്ട്. ആലിയ ഭട്ടിനെ ആയിരുന്നു ആദ്യം സീതയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആലിയ പിന്മാറുകയായിരുന്നു.

വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്. അതേസമയം, ചിത്രത്തിനായി രണ്‍ബിര്‍ നോണ്‍വെജും പാര്‍ട്ടികളും മദ്യാപനവും ഉപേക്ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

View this post on Instagram

A post shared by Namit Malhotra (@iamnamitmalhotra)

Read more