മതം വിഷയമാണ്, ഇന്നായിരുന്നു ഈ മണിരത്‌നം സിനിമ റിലീസ് ചെയ്തതെങ്കില്‍ തിയേറ്ററുകള്‍ കത്തിച്ചേനെ: രാജീവ് മേനോന്‍

മണിരത്‌നത്തിന്റെ ‘ബോംബെ’ എന്ന സിനിമ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കില്‍ ചിലര്‍ തിയേറ്ററുകള്‍ കത്തിച്ചേനെ എന്ന് സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോന്‍. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും വേഷമിട്ട ചിത്രം റിലീസ് ചെയ്ത് 30 വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് രാജീവ് മേനോന്‍ പ്രതികരിച്ചത്.

1992 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ നടന്ന ബോംബെ കലാപത്തില്‍ പെട്ടുപോകുന്ന രണ്ട് മതത്തില്‍ പെട്ട രണ്ടുപേരുടെ പ്രണയവും ദാമ്പത്യവുമാണ് ചിത്രം പറഞ്ഞത്. ”മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബോംബെ റിലീസ് ചെയ്ത സാഹചര്യത്തില്‍ നിന്നും ഇന്ത്യയുടെ സഹിഷ്ണുത ഏറെ കുറഞ്ഞു. ഇന്നത്തെ പ്രേക്ഷകര്‍ തിയേറ്ററുകള്‍ കത്തിച്ച് കളഞ്ഞേനെ.”

”ഇന്ന് ആയിരുന്നുവെങ്കില്‍ ബോംബെ പോലൊരു സിനിമ ഒരുക്കാനെ പറ്റില്ലായിരുന്നു. കാരണം ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി വളരെ കലുഷിതമാണ്. മതം വലിയൊരു വിഷയമാവുകയും ആളുകള്‍ അതിനെതിരെ കടുത്ത നിലപാടുകള്‍ എടുക്കുകയും ചെയ്യും. ബോംബെ ഇന്ന് റിലീസ് ചെയ്തിരുന്നെങ്കില്‍ തിയേറ്ററുകള്‍ കത്തിച്ച് കളഞ്ഞേനെ” എന്നാണ് രാജീവ് മേനോന്‍ പറയുന്നത്.

1995 മാര്‍ച്ച് 10ന് പുറത്തിറങ്ങിയ ബോംബെ നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മണിരത്‌നത്തിന്റെ മൂന്ന് ചിത്രങ്ങളില്‍ രണ്ടാമത്തേതായിരുന്നു ബോംബെ. 1992 ല്‍ റോജയും 1998 ല്‍ ദില്‍ സേയുമാണ് ഈ കൂട്ടത്തിലെ മറ്റ് രണ്ട് ചിത്രങ്ങള്‍.

Read more