ഒരു കാലഘട്ടത്തിൽ ബോളിവുഡ് സിംഹാസനം ഭരിച്ച് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായവർ!

സിനിമയിൽ പിടിച്ചു നിൽക്കുക എന്നത് അഭിനേതാക്കൾക്ക് എളുപ്പമുള്ള ഒരു കാര്യമാണ്. എന്നാൽ ഒരു നടനോ ഇല്ലങ്കിൽ നടിക്കോ തങ്ങളുടെ താരമൂല്യം നില നിർത്താൻ കഴിയുന്നില്ല എങ്കിൽ മുന്നോട്ടുള്ള യാത്രയും ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് ജനപ്രീതി വളർത്തിയെടുക്കുകയും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരായിത്തീരുകയും എന്നാൽ വളരെ പെട്ടെന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്ത ചില താരങ്ങൾ ബോളിവുഡിൽ ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് സൂപ്പർ സ്റ്റാറിന്റെ വക്കോളം എത്തുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത താരങ്ങൾ മറ്റ് പല മേഖലകളിലാണ് ഇപ്പോൾ സജീവം. ഇമ്രാൻ ഖാൻ മുതൽ അസിൻ വരെ ഈ ലിസ്റ്റിൽ ഉണ്ട്.

ജാനേ തു.. യാ ജാനേ നാ എന്ന സിനിമയിലൂടെയാണ് നടൻ ഇമ്രാൻ ഖാൻ അറിയപ്പെട്ടു തുടങ്ങിയത്. ഡൽഹി ബെല്ലി, മേരെ ബ്രദർ കി ദുൽഹൻ തുടങ്ങിയ ഹിറ്റുകളാൽ ഇമ്രാൻ ഖാൻ അക്കാലത്തെ പെൺകുട്ടികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. എന്നാൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, 2015 അവസാനത്തോടെ താരം അഭിനയത്തിൽ നിന്ന് പിന്മാറി. രചനയിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇമ്രാൻ ഖാൻ ഇപ്പോൾ.

കൽ ഹോ നാ ഹോ, വീർസാര, ദിൽ ചാഹ്താ ഹേ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച പ്രീതി സിന്റ 2000- കളുടെ തുടക്കത്തിൽ ഒരു സൂപ്പർ താരമായിരുന്നു. 2008 ലെ ‘ഹെവൻ ഓൺ എർത്ത്’ എന്ന ചിത്രത്തിന് ശേഷം താരം ബോളിവുഡ് വിട്ടു. ശേഷം തന്റെ ഐപിഎൽ ടീമിലും (കിംഗ്സ് 11 പഞ്ചാബ്) വ്യക്തിജീവിതത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

‘ടാർസൻ ദി വണ്ടർ കാർ’, വാണ്ടഡ് എന്ന സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു അയേഷ ടാക്കിയ. സ്വാഭാവിക അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റിയ ഒരു താരം കൂടിയായിരുന്നു ആയിഷ. 2009-ൽ വ്യവസായിയായ ഫർഹാൻ ആസ്മിയെ വിവാഹം കഴിച്ച ശേഷം, നടി കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ഉയർന്ന കേട്ട ഒരു പേരായിരുന്നു ഡിനോ മോറിയ. റാസ്, ഗുന്ന തുടങ്ങിയ ചിത്രങ്ങളിലാണ് നടൻ അഭിനയിച്ചത്. അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നടൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പിന്നീട്, സംരംഭകത്വത്തിലേക്കും നിർമ്മാണത്തിലേക്കും മാറുകയായിരുന്നു.

രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകളാണ് ട്വിങ്കിൾ ഖന്ന. ബാദ്ഷാ, മേള തുടങ്ങിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട നടി 2001-ൽ അക്ഷയ് കുമാറിനെ വിവാഹം കഴിച്ചതിന് ശേഷം അഭിനയം ഉപേക്ഷിക്കുകയും മികച്ച ഇൻ്റീരിയർ ഡിസൈനറും എഴുത്തുകാരിയുമായി മാറുകയും ചെയ്തു.

1990 കളിൽ കരൺ അർജുൻ, ബാസി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ മംമ്ത കുൽക്കർണി വിവാദങ്ങളിലും മുൻപന്തിയിലായിരുന്നു. 2000-കളുടെ തുടക്കത്തിൽ നടി ബോളിവുഡ് വിടുകയും നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെടുകയും ചെയ്തു. ഇത് സിനിമയിൽ നിന്ന് അപ്രത്യക്ഷമാകാൻ കാരണമായി. ഈയിടെ നടി സന്യാസം സ്വീകരിക്കുകയും ചെയ്തിരുന്നു.

ആമിർ ഖാൻ്റെ നായികയായി ഗജിനിയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അസിൻ റെഡി, ഹൗസ്ഫുൾ 2 തുടങ്ങിയ ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ‘ഓൾ ഈസ് വെൽ’ എന്ന ചിത്രത്തിന് ശേഷം മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹം നടക്കുകയും ശേഷം കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നടി സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

Read more