ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. ഇപ്പോഴിതാ അഭിനയ ജീവിതവും കുഞ്ഞിനെയും ഒരുപോലെ നോക്കി മുന്നോട്ട് പോകാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ആലിയ. പ്രസവശേഷം എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കണമെന്ന് രണ്‍ബീര്‍ തന്നോട് ആവശ്യപ്പെട്ടതായും ആലിയ പറയുന്നു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലിയ. തങ്ങളുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും ഒരുപോലെയാണെന്ന് ആലിയ പറയുന്നു. ഒരു കുട്ടിയുടെ വളർത്തലിൽ അമ്മ കൂടുതൽ ഇടപെടുന്ന പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്തങ്ങൾ പങ്കിടാനാണ് ഇരുവരുടെയും തീരുമാനം.
ഒരു കുഞ്ഞ് വരുന്നതോടെ ജീവിതം കുറച്ചുകൂടി പുതുമയുള്ളതാകും. രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതല്‍ നീ ജോലിയില്‍ പ്രവേശിക്കൂ. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് താന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം താന്‍ ജോലിക്ക് പോകാം. ആ കാലയളവില്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതിയെന്നും അദ്ദേഹം എന്നോട് പറഞ്ഞെന്ന് ആലിയ പറഞ്ഞു.
തനിക്ക് വളരെ സന്തോഷം നല്‍കുന്ന വാക്കുകളായിരുന്നു അത്. ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ഥം തനിക്ക് ജോലിക്ക് പോകാം എന്നതാണ്. താന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട ഒരു അവസ്ഥയില്ലെന്നും ആലിയ കൂട്ടിച്ചേർത്തു.