കരീനയ്ക്ക് ബോധമുണ്ടായിരുന്നില്ലേ? ലഹരി പാര്‍ട്ടികളില്‍ മുങ്ങിക്കിടന്ന താരം! ചര്‍ച്ചകളോട് പ്രതികരിച്ച് ട്വിങ്കിള്‍ ഖന്ന

സെയ്ഫ് അലിഖാന് കുത്തേറ്റ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മോഷ്ടിക്കാനെത്തിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്ന ബംഗ്ലാദേശ് സ്വദേശിയായ അക്രമിയെ പൊലീസ് പിടിച്ചു കഴിഞ്ഞു. എന്നാല്‍ സെയ്ഫിന്റെ വീട്ടില്‍ നടന്ന കടന്നു കയറ്റത്തെ കുറിച്ച് ഇതിനോടകം തന്നെ പല വിധത്തിലുള്ള ചര്‍ച്ചകളും തിയറികളും നടന്നു കഴിഞ്ഞു.

സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിനെ ആക്രമിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ഇതിലധികവും. കരീന കപൂറിനെ ലക്ഷ്യം വച്ചുള്ള കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. സെയ്ഫ് ആക്രമിക്കപ്പെടുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു എന്ന വാര്‍ത്തയ്ക്കെതിരെയാണ് ട്വിങ്കിള്‍ രംഗത്തെത്തിയിരിക്കുന്നത്.

”സെയ്ഫ് ആശുപത്രിയിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും, ലഹരിയില്‍ ബോധരഹിതയായിരുന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമൊക്കെ വിവരക്കേട് പ്രചരിച്ചിരുന്നു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഇത്തരം തിയറികള്‍ അവസാനിച്ചില്ല. ഭാര്യയിലേക്ക് പഴി പോകുന്നത് ആളുകള്‍ ആസ്വദിക്കുകയായിരുന്നു. വളരെ പരിചതമായൊരു പാറ്റേണ്‍ തന്നെ” എന്നാണ് ട്വിങ്കിളിന്റെ പ്രതികരണം.

അതേസമയം, ജനുവരി 16ന് ആക്രമിക്കപ്പെട്ട താരം ജനുവരി 21ന് ആണ് സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തുന്നത്. നട്ടെല്ലിന് അടക്കം സര്‍ജറി കഴിഞ്ഞ സെയ്ഫ് ആശുപത്രിയില്‍ നിന്നും നടന്നു വന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ആക്രമണം നടന്നു എന്നത് പിആര്‍ സ്റ്റണ്ട് ആണോ എന്നാണ് പലരും ചോദിച്ചത്.

മാത്രമല്ല സെയ്ഫ് അലിഖാന് 25 ലക്ഷം ഇന്‍ഷുറന്‍സ് തുക വളരെ പെട്ടെന്ന് അനുവദിച്ചതിന്റെ പേരിലും വിവാദങ്ങള്‍ നടക്കുന്നുണ്ട്. 35.95 ലക്ഷം രൂപയുടെ ക്ലെയിമിനായി അപേക്ഷിച്ച നടന് വളരെ വേഗത്തില്‍ 25 ലക്ഷം അനുവദിക്കുകയായിരുന്നു. സാധാരണക്കാര്‍ക്ക് സ്‌പെല്ലിങ് മിസ്റ്റേക് പോലുള്ള ചെറിയ പിഴവുകള്‍ വരെ പറഞ്ഞ് ക്ലെയിം തള്ളുമ്പോഴാണ് നടന്‍ വേഗം തുക അനുവദിച്ചത് എന്നാണ് പലരും വിമര്‍ശിക്കുന്നത്.