ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കവെ മഹേഷ് ഭട്ടിന്റെ സംവിധാനത്തിലെത്തുന്ന ആലിയ ഭട്ട് ചിത്രം “സഡക് 2″വിനെതിരെ ഹെയ്റ്റ് ക്യാമ്പയ്ന്‍. സഡക് 2 റിലീസ് ചെയ്യുന്ന ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടെയാണ് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ബോളിവുഡില്‍ ഉടലെടുത്തത്. സുശാന്ത് ആരാണെന്ന് അറിയില്ല എന്ന പറയുന്ന ആലിയയുടെ വീഡിയോയും പ്രചരിച്ചതോടെ സുശാന്ത് ആരാധകര്‍ ആലിയക്ക് നേരെ വിദ്വേഷ പ്രചാരണങ്ങളും ആരംഭിച്ചിരുന്നു.
സഡക് 2വിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയപ്പോഴും സുശാന്തിന്റെ ത്യാഗം മറക്കരുതെന്ന കമന്റുകളുമായും ഇതിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. മഹേഷ് ഭട്ടും നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിയുമായുള്ള ബന്ധവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അതിനാല്‍ ഭട്ട് കുടുംബത്തെ തന്നെ ബോയ്‌കോട്ട് ചെയ്യണമെന്ന ആഹ്വാനങ്ങളും പ്രചരിക്കുന്നുണ്ട്. സ്വജനപക്ഷപാതത്തിന്റെ ഉദാഹരണമാണ് സിനിമയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മഹേഷ് ഭട്ട് ഒരുക്കുന്ന ചിത്രത്തില്‍ മക്കളായ ആലിയയും പൂജയുമാണ് നായികമാര്‍. സുശാന്തിന് നീതി ലഭിക്കണം, ഹോട്‌സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, ആലിയ ഭട്ടിനെ ബോയ്‌കോട്ട് ചെയ്യുക എന്ന ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗാവുകയാണ്.
സഞ്ജയ് ദത്തും പൂജാഭട്ടും പ്രധാനവേഷങ്ങളിലെത്തി വന്‍ജയം നേടിയ ബോളിവുഡ് റൊമാന്റിക് ത്രില്ലറായിരുന്നു സഡക്. 1991-ല്‍ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ രണ്ടാം ഭാഗം ” സഡക് 2 ” ഒടിടി റിലീസ് ഓഗസ്റ്റ് 28-ന് പുറത്തിറങ്ങും.