ഞാനതില്‍ ലജ്ജിക്കുന്നു, സെയ്ഫ് അലിഖാന്‍ സര്‍ എന്റെ ക്ഷമാപണം സ്വീകരിക്കണം, സഹായിക്കാന്‍ ഞാനുണ്ടാകും: ഉര്‍വശി റൗട്ടേല

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ അനുചിതമായി പ്രതികരിച്ചതിന് പിന്നാലെ നടനോട് മാപ്പ് പറഞ്ഞ് നടി ഉര്‍വശി റൗട്ടേല. സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് നടി കൃത്യമായി പറഞ്ഞിരുന്നില്ല. മറിച്ച് പുതിയ ചിത്രം ഡാക്കു മഹരാജിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയായിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ നടി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ ഖേദപ്രകടനം. ”പ്രിയപ്പെട്ട സെയ്ഫ് അലിഖാന്‍ സര്‍, ഞാന്‍ പശ്ചാത്താപത്തോടെയാണ് ഇത് എഴുതുന്നത്. നിങ്ങള്‍ നേരിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ഡാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു, എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും.”

”അതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു. അറിവില്ലായ്മ കൊണ്ടും അജ്ഞത കൊണ്ടും സംഭവിച്ചതാണ്. എന്റെ ക്ഷമാപണം സ്വീകരിക്കണം. ഇപ്പോള്‍ ഈ കേസിന്റെ തീവ്രത മനസിലാക്കുന്നു. എന്റെ പിന്തുണ അറിയിക്കുന്നു.”

”ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു. എന്റെ പ്രാര്‍ഥനയും ചിന്തകളും അങ്ങേക്കൊപ്പമുണ്ട്. എന്തെങ്കിലും രീതിയില്‍ എന്റെ സഹായം വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. അതിനൊരു മടി വിചാരിക്കേണ്ടതില്ല. മുമ്പത്തെ എന്റെ പ്രതികരണത്തില്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു” എന്നാണ് ഉര്‍വശിയുടെ കുറിപ്പ്.

അതേസമയം, നേരത്തെ അനുചിതമായ പരാമര്‍ശമായിരുന്നു നടി നടത്തിയത്. ”വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഡാക്കു മഹാരാജ് ഇപ്പോള്‍ 105 കോടി ബോക്സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. സമ്മാനമായി അമ്മ വജ്രങ്ങള്‍ പതിപ്പിച്ച റോളക്സ് വാച്ചും അച്ഛന്‍ റിങ് വാച്ചും സമ്മാനിച്ചിരുന്നു. ഇതെല്ലാം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല.”

”ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന് അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്” എന്നായിരുന്നു ഉര്‍വശി പറഞ്ഞത്. സെയ്ഫ് അലിഖാന്റെ വിഷയം വീണ്ടും ചോദിച്ചപ്പോള്‍ സെയ്ഫിനും കുടുംബത്തിനുമായി പ്രാര്‍ഥിക്കുന്നു എന്ന് മാത്രമായിരുന്നു ഉര്‍വശിയുടെ മറുപടി. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയായിരുന്നു.