ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ അമ്പലമുണ്ടെന്ന് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്. ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്തായാണ് ‘ഉര്‍വശി അമ്പലം’ ഉള്ളത്. തെന്നിന്ത്യയില്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് അവിടെയും ഒരു അമ്പലം വേണമെന്നാണ് ആഗ്രഹം എന്നാണ് ഉര്‍വശി പറയുന്നത്.
”ഉത്തരാഖണ്ഡില്‍ എന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. ബദ്രിനാഥ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അതിനടുത്തായി ‘ഉര്‍വശി ക്ഷേത്രം’ കാണാനാവും” എന്നാണ് ഉര്‍വശി പറയുന്നത്. അവിടെ പൂജകള്‍ നടത്തുന്നുണ്ടോ എന്ന ചോദ്യത്തോട്, ”ക്ഷേത്രം ഉണ്ടെങ്കില്‍ പൂജകളും നടത്തുന്നുണ്ടാകും” എന്നാണ് ഉര്‍വശി പറയുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തന്റെ ഫോട്ടോകളില്‍ മാല ചാര്‍ത്തുകയും ‘ദംദമാമയി’ എന്ന് വിളിക്കുകയും ചെയ്യാറുണ്ടെന്നും ഉര്‍വശി പറയുന്നുണ്ട്. ”ഇക്കാര്യം ഞാന്‍ ഗൗരവമായി തന്നെയാണ് കാണുന്നത്. അത് സത്യമാണ്. ഇതിനെ കുറിച്ചുള്ള ആര്‍ട്ടിക്കളും വാര്‍ത്തകളും വന്നിരുന്നു. നിങ്ങള്‍ക്ക് അത് വായിച്ച് നോക്കാം.”
”എന്റെ ജനപ്രീതി കണക്കിലെടുത്ത് ദക്ഷിണേന്ത്യയില്‍ രണ്ടാമതൊരു ക്ഷേത്രം കൂടി പണിയണം എന്നാണ് ആഗ്രഹം. തെന്നിന്ത്യയില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചു. പവന്‍ കല്യാണിനൊപ്പം രണ്ട് സിനിമയില്‍ അഭിനയിച്ചു, ബാലയ്യക്കൊപ്പം അഭിനയിച്ചു. അവരുടെ പേരിലൊക്കെ ക്ഷേത്രങ്ങളുണ്ട്. എന്റെ പേരിലും ആരാധകര്‍ക്കായി ക്ഷേത്രം വേണം” എന്നാണ് ഉര്‍വശി പറയുന്നത്.