ആദ്യ ദിനം തിയേറ്ററില്‍ നനഞ്ഞ പടക്കമായി രാജ് കുന്ദ്രയുടെ ‘യുടി 69’. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒരുക്കിയ സിനിമയാണ് യുടി 69. ജയിലില്‍ കഴിഞ്ഞപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ നവംബര്‍ 3ന്, ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് വലിയ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. ചിത്രം കഷ്ടിച്ച് 10 ലക്ഷം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ 10 ലക്ഷം മാത്രം നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ കുതിപ്പ് നടത്താനാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
‘യുടി 69’ എന്ന് പേരിട്ട ചിത്രത്തില്‍ ജയിലിലെ രണ്ട് മാസത്തെ തന്റെ ജീവിതമാണ് കുന്ദ്ര പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്.
വിക്രം ഭാട്ടി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, 2021 ജൂലൈയിലാണ് രാജ് കുന്ദ്ര പോണോഗ്രാഫി കേസില്‍ അറസ്റ്റിലായത്. 63 ദിവസം ജയലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് മാസ്‌ക ധരിച്ചും, സ്വയം മൂടിപൊതിയുന്ന വസ്ത്രങ്ങള്‍ ധരിച്ചുമായിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ച് കുന്ദ്ര മാസ്‌ക് ഒഴിവാക്കിയിരുന്നു. ജയിലില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളും താരം നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ബിസ്‌കറ്റ് മാത്രം കഴിച്ചാണ് അവിടെ ജീവിച്ചതെന്നും 250 ഓളം കുറ്റവാളികള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയതെന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു.