തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതു പോലെ നടപ്പായിരുന്നു, ഇപ്പോള്‍ എവിടെയിരുന്നാലും ബാലന്‍സ് പോകും; രോഗാവസ്ഥയെ കുറിച്ച് വരുണ്‍ ധവാന്‍

തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ധവാന്‍. രോഗം സ്ഥിരീകരിച്ചതോടെ വിശ്രമിക്കാന്‍ നിര്‍ബന്ധിതനായി എന്നാണ് വരുണ്‍ ധവാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ ബാധിച്ചതിനെ കുറിച്ചാണ് വരുണ്‍ ധവാന്‍ സംസാരിച്ചത്. ചെവിയുടെ ബാലന്‍സിങ് പ്രശ്‌നമാണിത്.

”ജുഗ് ജുഗ് ജിയോ എന്ന ചിത്രത്തിനൊക്കെ വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലെ ആയിരുന്നു അപ്പോള്‍ എനിക്ക് തോന്നിയത്. ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായി. എന്നാല്‍ ഞാനിപ്പോള്‍ തിരക്കൊക്കെ മാറ്റി വച്ചു. എനിക്ക് വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ എന്ന രോഗം ബാധിച്ചു.”

”പെട്ടെന്ന് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ എന്ന അസുഖം വന്നാല്‍, എവിടെയായിരുന്നാലും നമുക്ക് ബാലന്‍സ് നഷ്ടപ്പെടും. പക്ഷെ ഞാന്‍ എന്നെത്തന്നെ ദൃഢപ്പെടുത്തി മുന്നോട്ട് കൊണ്ട് പോയി” എന്നാണ് വരുണ്‍ ധവാന്‍ പറയുന്നത്.

ശരീരത്തിലെ ബാലന്‍സ് സിസ്റ്റത്തിന്റെ ആന്തരിക ചെവി ഭാഗം ശരിയായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ സംഭവിക്കുന്ന ഒരു തകരാറാണ് വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍. അകത്തെ ചെവിയില്‍ ഇരിക്കുന്ന വെസ്റ്റിബുലാര്‍ സിസ്റ്റം ഒരാളുടെ കണ്ണുകളും പേശികളും സന്തുലിതമായി നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നു.

ഇത് ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ വ്യക്തിക്ക് അസ്വസ്ഥതയും തലക്കറക്കവും അനുഭവപ്പെടും. അതേസമയം, ‘ഭേദിയ’ എന്ന ചിത്രമാണ് വരുണിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് സിനിമ എത്തുക. കൃതി സനോന്‍ നായികയായ അമര്‍ കൗശിക് ആണ് സംവിധാനം ചെയ്യുന്നത്. നംവബര്‍ 25ന് ആണ് ചിത്രത്തിന്റെ റിലീസ്.