പ്രഭാസും ബോളിവുഡ് താരം കൃതി സനോനും പ്രണയത്തില്‍ ആണെന്ന് വ്യക്തമാക്കി വരുണ്‍ ധവാന്‍. ഇരുതാരങ്ങളും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നേരത്തെ എത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് വരുണ്‍ ധവാന്‍ ഇവരുടെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
വരുണ്‍ ധവാന്റെ പുതിയ ചിത്രമാണ് ‘ഭേഡിയ’. ചിത്രത്തില്‍ കൃതി സനോന്‍ ആണ് നായിക. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഡാന്‍സ് റിയാറ്റി ഷോയില്‍ കൃതിയും വരുണും എത്തിയിരുന്നു. ഷോയില്‍ കരണ്‍ ജോഹറുമായി സംസാരിക്കവെയാണ് വരുണ്‍ പ്രഭാസിനെ കുറിച്ച് പറഞ്ഞത്.
പരിപാടിക്കിടെ, ലിസ്റ്റില്‍ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായത് കൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുണ്‍ പറയുന്നു. ആ വ്യക്തി മുംബയില്‍ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുണ്‍ പറയുന്നുണ്ട്.
ദീപിക പദുക്കോണിന് ഒപ്പമുള്ള ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോള്‍. മറ്റൊരു അഭിമുഖത്തിലും കൃതിയുടെ രാജകുമാരന്‍ എത്തിയെന്ന് വരുണ്‍ പറയുന്നുണ്ട്. കൃതിയുടെ ജീവിതത്തിലും ഒരു രാജകുമാരന്‍ എത്തിക്കഴിഞ്ഞു.
കാര്‍ത്തിക് ആര്യനൊപ്പവും പ്രഭാസിനൊപ്പവുമാണ് ഇന്ന് ഇവള്‍ ഏറ്റവും നന്നായി അഭിനയിക്കുന്നത്. പക്ഷെ പ്രഭാസിനൊപ്പമാണ് ഇപ്പോള്‍ ഏറ്റവും നല്ല കെമിസ്ട്രി കാണുന്നത് എന്നാണ് വരുണ്‍ പറയുന്നത്. വരുണ്‍ ധവാന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
‘ആദിപുരുഷ്’ എന്ന സിനിമയില്‍ പ്രഭാസിന്റെ നായികയായെത്തുന്നത് കൃതിയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ത്രീ ഡിയില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളില്‍ എത്തുക.