എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

ബോളിവുഡില്‍ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിക്രാന്ത് മാസി. ’12ത് ഫെയില്‍’ എന്ന ചിത്രം എത്തിയതോടെയാണ് വിക്രാന്ത് ഏറെ ശ്രദ്ധ നേടുന്നത്. മുംബൈയിലെ തന്റെ ചെറുപ്പകാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്രാന്ത് മാസി. ജീവിതം നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കവേ പിതാവിന് പൊടുന്നനേ എല്ലാം നഷ്ടമായി. പിന്നീട് കുടുംബത്തില്‍ ഭയങ്കപ പ്രശ്‌നങ്ങളായിരുന്നു എന്നാണ് നടന്‍ പറയുന്നത്.

പിതാവിനെ സഹായിക്കാന്‍ 17-ാം വയസില്‍ ജോലിക്ക് പോയിത്തുടങ്ങി. നാല് പേരടങ്ങുന്ന കുടുംബത്തെ ചുമലിലേറ്റാന്‍ പിതാവ് കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. സമൃദ്ധിയുടെയും വിജയത്തിന്റെയും ജീവിതമായിരുന്നു. എന്നാല്‍ പെട്ടെന്ന് അത് അപ്രത്യക്ഷമായി. പണത്തിന് അത്യാവശ്യം വന്നപ്പോള്‍ അച്ഛന്റെ ഓഫീസില്‍ പോയപ്പോഴാണ് അദ്ദേഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ബോധ്യം വന്നത്.

ഒരു ഫാന്‍സി ടേബിളിനരികെ, സന്തോഷകരമായ അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യുന്ന അച്ഛനെയാണ് അവിടെ പ്രതീക്ഷിച്ചത്. പക്ഷേ അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. മനോഹരമായ മേശയോ ഓഫീസോ അല്ലായിരുന്നു അത്. ക്ഷീണിതനായ അച്ഛന്‍ ഒരു കസേരയില്‍ ശ്വാസം മുട്ടി ഇരിക്കുന്നു. മുന്നിലെ ആഷ് ട്രേയില്‍ സിഗരറ്റ് കുറ്റികളുടെ കൂമ്പാരമായിരുന്നു.

പണത്തിന്റെ കവര്‍ അദ്ദേഹം എടുത്ത് നീട്ടിയപ്പോള്‍ അതിന്റെ യഥാര്‍ത്ഥമൂല്യം എനിക്ക് മനസിലായി. മറ്റൊരാള്‍ ധരിച്ച വസ്ത്രങ്ങളും ഷൂസും ധരിക്കുന്നത് എനിക്ക് അസുഖകരമായിരുന്നു. വസ്ത്രങ്ങള്‍ അത്ര വലിയ പ്രശ്നമായിരുന്നില്ല, എന്നാല്‍ നിങ്ങള്‍ മറ്റൊരാളുടെ ഷൂ ധരിക്കേണ്ടിവരുമ്പോള്‍ അത് ഭയാനകമാണ്. ഞാന്‍ എത്ര വൃത്തിയാക്കിയാലും അത് മറ്റൊരാളുടെ ദുര്‍ഗന്ധം പുറപ്പെടുവിക്കും.

പലതവണ മറ്റാരാള്‍ ധരിച്ച ഷൂസ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഇനി ഫാഷന്‍ സ്ട്രീറ്റില്‍ പോയാലും 100 രൂപയുടെ ടീ ഷര്‍ട്ട് കണ്ടാല്‍ ഇപ്പോഴും വാങ്ങും. കാരണം അത് വേറൊരാള്‍ ഉപയോഗിക്കാത്തതും പുതിയതുമാണല്ലോ. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാര്‍ വാങ്ങിയപ്പോഴാണ് പലരും തന്നെ അഭിസംബോധന ചെയ്യുന്ന രീതി വരെ മാറിയത് എന്നാണ് വിക്രാന്ത് മാസി പറയുന്നത്.

Read more