വിവാഹ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ സര്‍പ്രൈസ് ഒരുക്കി കോഹ്ലിയും അനുഷ്‌കയും

വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം ഇറ്റലിയിലെ മിനാലിലെ വീഞ്ഞുകളുടെ പറുദീസയില്‍ സ്വപ്‌നതുല്യമായി തന്നെ നടന്നു. ക്രീസില്‍ ബാറ്റ് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കോഹ്ലി തന്റെ വിവാഹ നിമിഷവും ലോകത്തിന് മറക്കാനാവാത്ത അനുഭവമാക്കി. ഇപ്പോള്‍ ഇതാ ഡല്‍ഹിയില്‍ 21 നു നടക്കുന്ന വിരുന്നു സല്‍ക്കാരത്തിനായുള്ള ക്ഷണ കത്തുകളിലും ഒരു കൗതുകമൊരുക്കിയാണ് കോഹ്ലിയും അനുഷ്‌കയും വ്യത്യസ്തരാകുന്നത്.. ഹരിത ഭംഗിയുടെ സന്ദേശമൊരുക്കി വ്യത്യസ്തരാവുകയാണ് കോഹ്ലിയും അനുഷ്‌കയും.

ഹരിത ഭംഗിയുടെ സന്ദേശം പകര്‍ന്ന് ഓരോ ക്ഷണകത്തിന്റെയും കൂടെ ഒരു വൃക്ഷ തൈയ്യും കൂടി കരുതിയാണ് വിരുഷ്‌ക ക്ഷണിതാക്കളെ ആശംസിക്കാനെത്തുന്നത്. ഒരു ചെറിയ പാത്രത്തില്‍ ഒരു വൃക്ഷ തൈ ആണ് ക്ഷണകത്തില്‍ അടക്കം ചെയ്തിരിക്കുന്നത്. നേരത്തെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ വിരാടും, അനുഷ്‌കയും ചേര്‍ന്ന് വൃക്ഷ തൈ നടുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more

ഡല്‍ഹി താജ് എന്‍ക്ലേവിലെ ഡര്‍ബാര്‍ ഹാളില്‍ ഈ മാസം 21 നു ആണ് വിരാട് കോഹ്ലിയുടെ കുടുംബം ഒരുക്കുന്ന വിരുന്നു സല്‍ക്കാരം. ഈ മാസം 26 നാണ് ക്രിക്കറ്റ് താരങ്ങള്‍ക്കും, ബോളിവുഡിനും മുംബൈയില്‍ വിരുഷ്‌ക നല്‍കുന്ന വിരുന്നു സല്‍ക്കാരം. ഇതിനായുള്ള ക്ഷണം ലഭിച്ച ഉടനെ തന്നെ സംവിധായകന്‍ മഹേഷ് ഭട്ട് ഇരുവര്‍ക്കും സന്തോഷകരമായ ജീവിതം ആശംസിച്ച് ട്വീറ്റ് ചെയ്തു. ബോളിവുഡിന്റെയും ക്രിക്കറ്റ് താരങ്ങളുടെയും നിറഞ്ഞ സാന്നിധ്യം സത്കാരത്തെ അപൂര്‍വമാക്കും. വിരുന്നു സത്കാരങ്ങള്‍ക്കു ശേഷം താര ദമ്പതികള്‍ ദക്ഷിണാഫ്രിക്കയിലേക്കു പറക്കും.