ബോക്‌സ് ഓഫീസില്‍ കിതച്ച് വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്‌സിന്‍ വാര്‍’. സെപ്തംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ മൂന്നു കോടിയോളം രൂപ മാത്രമാണ് നേടിയത്. ആദ്യ ദിനത്തില്‍ 85 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ദിനങ്ങള്‍ 90 ലക്ഷവും മൂന്നാം ദിനം 1.50 കോടിയും ചിത്രം നേടിയെന്നാണ് വിവരങ്ങള്‍. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തു നില്‍പ്പിനെ കുറിച്ച് അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്ന വിശേഷണവുമായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
പങ്കജ് ത്രിപാഠിയുടെ ‘ഫുക്രി 3’, രാഘവ ലോറന്‍സിന്റെ ‘ചന്ദ്രമുഖി 2’ എന്നീ ചിത്രങ്ങളുമായാണ് വാക്സിന്‍ വാര്‍ മത്സരിക്കുന്നത്. മൂന്ന് ദിനങ്ങള്‍ കൊണ്ട് വാക്‌സിന്‍ വാര്‍ ചിത്രത്തിന് അഞ്ചുകോടി പോലും നേടാനാകാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര്‍ ഫയല്‍സി’ന് ശേഷം വിവേക് അഗ്‌നിഹോത്രി ഒരുക്കിയ ചിത്രമാണ് വാക്സിന്‍ വാര്‍. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.
പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.