ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ റെക്കോർഡുകൾ മറികടന്ന അല്ലു അർജുൻ സിനിമയാണ് പുഷ്പ 2: ദി റൂൾ. ബാഹുബലിയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുന്നു പുഷ്പ 2. പ്രദർശനത്തിനെത്തി ഒരു മാസത്തോട് അടുക്കുമ്പോൾ ചിത്രത്തിന്റെ ആഗോള കളക്ഷൻ 1,800 കോടി രൂപ കടന്നതായാണ് റിപോർട്ടുകൾ. പുഷ്പ 2ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ചില സിനിമകൾ ഈ വർഷം വരുന്നുണ്ട്.
നീണ്ട കാത്തിരിപ്പിന് ശേഷം എത്തുന്ന ചിത്രമാണ് ബോർഡർ 2. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു സണ്ണി ഡിയോൾ നായകനായി എത്തിയ ബോർഡർ. ഇന്ത്യ-പാക് യുദ്ധത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. രണ്ടാം ഭാഗം അടുത്തിടെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിൽ വരുൺ ധവാൻ, ദിൽജിത് ദോസഞ്ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 2026 ജനുവരി 23ന് ചിത്രം തിയേറ്ററിലെത്തും.
‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രാമായണ’. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഏകദേശം 835 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന രാമായണ. ചിത്രത്തിൽ രൺബീർ കപൂറും സായ് പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. രാമായണത്തിൽ യാഷ് ആണ് രാവണനായി എത്തുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം പുഷ്പ 2ന്റെ റെക്കോർഡ് വരുമാനത്തെ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. ചിത്രം അടുത്ത വർഷം എത്തുമെന്നാണ് റിപ്പോർട്ട്.
ഉള്ളടക്കം കൊണ്ടും മറ്റും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമയാണ് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബിർ കപൂർ ചിത്രം ‘അനിമൽ’. സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ചിത്രം 2027ൽ പുറത്തിറങ്ങും എന്നാണ് റിപോർട്ടുകൾ. അനിമലിന് മൂന്നാംഭാഗവും സംവിധായകൻ പ്ലാൻ ചെയ്യുന്നു എന്ന റിപോർട്ടുകൾ ഈയിടെ എത്തിയിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻ ചിത്രമായ കിംഗ്. ഷാരൂഖിനൊപ്പം മകൾ സുഹാന ഖാൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. നെറ്റ്ഫ്ലിക്‌സിൻ്റെ “ദി ആർച്ചീസ്” എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം സുഹാന അരങ്ങേറ്റം നടത്തുന്ന ബോളിവുഡ് ചിത്രമാണ് ഇത്. അഭിഷേക് ബച്ചനും ചിത്രത്തിൽ അഭിനയിക്കുന്നു.
സൽമാൻ ഖാൻ്റെ വരാനിരിക്കുന്ന ചിത്രമാണ് സിക്കന്ദർ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പഞ്ച് ഡയലോഗുകളും സ്റ്റൈലും കൂടിക്കലർന്ന ഒരു പക്കാ മാസ് പടമായിരിക്കും സിക്കന്ദർ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 2025ലെ ഈദ് റിലീസായാണ് ചിത്രം എത്തുക. സത്യരാജ്, ഷർമാൻ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്.
Read more
2024-ൽ ഫൈറ്ററിന് ലഭിച്ച മോശം പ്രതികരണത്തിന് ശേഷം 2025-ൽ വാർ 2 എന്ന പാട്രിയോട്ടിക്ക് ആക്ഷൻ ത്രില്ലറുമായി എത്താനൊരുങ്ങുകയാണ് ഹൃത്വിക് റോഷൻ. ജൂനിയർ എൻടിആർ ഹൃത്വിക്കിനൊപ്പം പ്രധാന വേഷത്തിൽ എത്തും. അയൻ മുഖർജി സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രം 2025 ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തും.