നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ശേഷം കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്ക് എതിരെ നടന്ന മാധ്യമ വിചാരണയെ വിമര്‍ശിച്ച് ഇമ്രാന്‍ ഹാഷ്മി. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഹാഷ്മി റിയയെ പിന്തുണച്ച് എത്തിയത്.
മാധ്യമ വിചാരണ ആവശ്യത്തിലും അധികമായിരുന്നു. അതിരു കവിഞ്ഞതായിരുന്നു എന്നാണ് തനിക്ക് തോന്നിയത്. നിങ്ങള്‍ ഒരു കുടുംബം മുഴുവനായും തകര്‍ത്തു. ഒരു മുഴുവന്‍ കുടുംബം. എന്തിന് വേണ്ടിയായിരുന്നു അത്, സംഭവിച്ച കാര്യങ്ങളിലെ ചില ഊഹങ്ങളും അനുമാനങ്ങളും വച്ചുമാത്രം.
ഇത്തരത്തിലുള്ള അനാവശ്യ റിപ്പോര്‍ട്ടുകള്‍ മാറ്റി വച്ചാല്‍ മറ്റു ചില വെബ്‌സൈറ്റുകള്‍ യഥാര്‍ത്ഥമായി തന്നെ വാര്‍ത്ത കൈകാര്യം ചെയ്തു. എല്ലാവരും അത്തരം നൈതികത മനസിലാക്കി വാര്‍ത്ത ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് താന്‍ ആലോചിക്കുന്നത്.
സാമാന്യബുദ്ധി നിലനില്‍ക്കുന്നതിനാല്‍, നീതി ലഭ്യമാക്കാന്‍ ഒരു നീതിന്യായ വ്യവസ്ഥ ഇവിടെയുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പിന്നെന്തിനാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം കുറ്റവാളിയായി ഒരാളെ വിധിക്കുന്നത്? എന്ന് ഇമ്രാന്‍ ഹാഷ്മി ചോദിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് ആയിരുന്നു സുശാന്ത് സിങ് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തത്. വിഷാദത്തെ തുടര്‍ന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. പിന്നാലെയാണ് കേസ് റിയ ചക്രബര്‍ത്തിക്ക് എതിരെ നീണ്ടത്. തുടര്‍ന്ന് നടിക്കുള്ള മയക്കുമരുന്ന് ബന്ധത്തിലേക്കും കേസ് നീളുകയായിരുന്നു.