തന്റെ സിനിമകൾ കൊണ്ടും സിനിമയ്ക്ക് പുറത്തുള്ള അഭിപ്രായങ്ങൾ കൊണ്ടും എപ്പോഴും വാർത്തകളിലിടം നേടുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. 100 കോടി ക്ലബ്ബിൽ ഒരു സിനിമ കയറി എന്നൊക്കെ പറയുന്നത് വെറും തള്ളാണെന്നും ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് വെറും 50 കോടിയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
“ഒരു സെന്ററിൽ 200 അല്ലെങ്കിൽ 150 ആൾക്ക് കയറാം. ദിവസം നാല് ഷോ. അപ്പോ 800 ആളുകൾ. 100 സെന്റർ ആണെങ്കിൽ 80,000. അതിപ്പോൾ 300 സെന്റർ ആണെങ്കിൽ രണ്ട്ലക്ഷത്തി നാല്പത്തിനായിരം. 100 രൂപ ആവറേജ് കൂട്ടിയാൽ രണ്ട് കോടി നാല്പത് ലക്ഷം. നാലാമത്തെ ആഴ്ച ഇവർ ഒ. ടി. ടിക്ക് കൊടുക്കും. ഫസ്റ്റ് ഡേ മൂന്നര കോടി കളക്ഷൻ എന്നൊക്കെ പറയുന്നത് എങ്ങനെ ശരിയാവും? 100 കോടി കളക്ട് ചെയ്യണമെങ്കിൽ 65 ലക്ഷം ആളുകൾ കാണണം. കേരളത്തിലെ മൊത്തം സിനിമ പ്രാന്തന്മാർ കണ്ടാൽ പോലും അത് കിട്ടില്ല.
ഞാൻ പറയുന്നത് വേണമെങ്കിൽ വിശ്വസിക്കാം. ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് 20 കോടിയാണ്. സൂപ്പർ ഹിറ്റ് ആണെങ്കിൽ 50 കോടി. മലയാള സിനിമയുടെ കാര്യമൊന്നും ഞാൻ പറയുന്നില്ല. ഇവിടെ പറയുന്നടയഹ് മുഴുവൻ തള്ളല്ലേ. കലയെ ഇഷ്ടപ്പെടുന്നവർ എന്തിനാണ് ഇങ്ങനെ തള്ളി മറിക്കുന്നത്.” ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ പറഞ്ഞത്.
സ്വന്തമായി സംവിധാനം, നിർമ്മാണം, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം, തിരക്കഥ, സംഗീതം തുടങ്ങീ സിനിമയുടെ എല്ലാ കാര്യങ്ങളും സന്തോഷ് പണ്ഡിറ്റ് ഒറ്റയ്ക്കാണ് തന്റെ സിനിമകളിൽ ചെയ്യാറ്. ‘ആതിരയുടെ മകൾ അഞ്ജലി’ ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം.