'മമധര്‍മയില്‍ പണം അയച്ചവരോട് ബാധ്യത അലി അക്ബറിന്, ടൈറ്റില്‍ ക്രെഡിറ്റ് നല്‍കും, സംവിധായകന്റെ പേര് രാമസിംഹന്‍ തന്നെ'

‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ അണിയറ വിവരങ്ങള്‍ പങ്കുവച്ച ഹിന്ദു മതം സ്വീകരിച്ച സംവിധായകന്‍ അലി അക്ബര്‍. സംവിധായകന്റെ പേര് രാമസിംഹന്‍ എന്നും നിര്‍മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് നല്‍കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

അലി അക്ബര്‍ എന്ന പേരിലേക്കാണ് സിനിമക്ക് ആവശ്യമായ പണം വന്നത്. അവരോടുള്ള ബാധ്യത കാരണമാണ് അലി അക്ബര്‍ എന്ന പേര് ആ ടൈറ്റിലിന് നേരെ നല്‍കുക. രാഷ്ട്രീയപരമായി ബിജെപിയില്‍ തന്നെ തുടരുമെന്നും അലി അക്ബര്‍ പറയുന്നു. മമധര്‍മ എന്ന ക്രൗഡ് ഫണ്ടിങ് വഴിയാണ് സിനിമ എടുത്തത്.

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നന്‍ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അലി അക്ബര്‍ 1921 എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ വാരിയംകുന്നന്‍ സിനിമയില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു.

അതേസമയം, ഈ വെള്ളിയാഴ്ചയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറുന്ന വിവരം സംവിധായകന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്ന്അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.

Read more

ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് വിലക്ക് ലഭിച്ചതായും ഫെയ്സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു. മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സംവിധായകന്‍ ലൈവിലെത്തിയത്.