രവീന്ദ്രൻ മാഷിനെ മാസ്റ്ററായി കാണുന്നില്ലെന്ന് ഗായകൻ പി ജയചന്ദ്രൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രവീന്ദ്രൻ മാഷ് മികച്ച സംഗീതജ്ഞൻ ആണെന്നും എന്നാൽ താൻ അദ്ദേഹത്തെ ഒരു മാസ്റ്ററായി കാണുന്നില്ലെന്നും പറഞ്ഞത്. സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞു .
നിരവധി സംഗീതജ്ഞർക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു, അവർക്ക് ശേഷം മാസ്റ്റർ എന്ന് വിളിക്കാൻ അർഹനായത് ജോൺസൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജോൺസന് ശേഷം ആരും ‘മാസ്റ്റർ’ എന്ന് വിളിക്കപ്പെടാൻ അർഹരല്ല’.രവീന്ദ്രൻ എങ്ങനെ എന്ന ചോദ്യത്തിന് അദ്ദേഹത്തെ താൻ ഒരു മാസ്റ്റർ ആയി കാണുന്നില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. ‘താൻ അദ്ദേഹത്തെ ഒരു മാസ്റ്റർ കമ്പോസറായി കണക്കാക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അനാവശ്യമായി സങ്കീർണ്ണമാണ്.
‘തന്നെ സംബന്ധിച്ചിടത്തോളം മഹാനായ ഗായകൻ മുഹമ്മദ് റഫിയാണെന്നും പി സുശീലയെയാണ് ഏറ്റവും മികച്ച ഗായികയായി കാണുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു. പുതിയ കാലത്തെ പാട്ടുകളിൽ വരികളേക്കാൾ പ്രാധാന്യം സംഗീതത്തിനാണെന്നും, പുതിയ കാലത്തെ സംഗീത സംവിധായകർ ആ രീതിയോടിണങ്ങി പാട്ടുകൾ ചിട്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read more
ബിജിബാലിന്റെയും എം ജയചന്ദ്രന്റെയും ഗാനങ്ങൾ നല്ലതാണെന്നും എന്നാൽ ഗോപി സുന്ദറിന് എന്താണ് ജനങ്ങൾക്കാവശ്യമുള്ളതെന്ന് മനസ്സിലാക്കി പാട്ടുകൾ ചിട്ടപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു