മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ആക്ഷൻ-കോമഡി വിഭാഗത്തിലെത്തിയ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി ഗംഭീരമാക്കി എന്നതായിരുന്നു. ഗസ്റ്റ് റോളിലെത്തിയ മമ്മൂട്ടിയും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ച്ച വെച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിയെ കൊണ്ടുവരാനുള്ള കാരണം വെളിപ്പെടുത്തി തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്. നിരവധി താരങ്ങൾ അണി നിരന്ന ചിത്രത്തിന്റെ തിരക്കഥ സിനിമ ചിത്രീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആണ് എഴുതി തുടങ്ങിയത്. ഒരുപാട് മെൻ്റൽ സ്ട്രസ് അനുഭവിച്ച് താൻ എഴുതിയ തിരകഥയായിരുന്നു അത് എന്ന് പറയുന്നതാകും സത്യം.
ചിത്രത്തിൽ കോട്ടയത്ത് നിന്ന് ക്രിക്കറ്റ് കളി കാണാൻ പോകുന്ന കുറച്ച് കുട്ടികൾ ഒരു കൊലപാതക കേസിൽ പെടുന്നു. അവരെ ട്രെയിലുണ്ടായിരുന്ന ഒരു സെലിബ്രറ്റി രക്ഷിക്കുന്നു എന്ന രീതീയിലാണ് കഥ. ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം ജഗതി ശ്രീകുമാറിനെ സെലിബ്രറ്റിയായി ഫിക്സ് ചെയ്തത്. ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് ടിടിആറിന്റെ റോളുമുണ്ട്. അങ്ങനെ ഒരു ദിവസം മോഹൻലാലാണ് തന്നോട് മമ്മൂട്ടിയെ ആ ഗസ്റ്റ് റോളിലേയ്ക്ക് കൊണ്ടു വരുന്നതിനെപ്പറ്റിയും പറയുന്നത്.
ജഗതി ചേട്ടന് പകരം മമ്മൂട്ടി ചിത്രത്തിലേയ്ക്ക് വന്നാൽ ആ റോൾ കൂടുതൽ നന്നാകുമെന്നും. ജഗതി ചേട്ടനെ ടിടിആർ ആക്കിയാൽ ആ കഥാപാത്രം കൂടുതൽ രസകരമാകുമെന്നും അദ്ദേഹമാണ് തന്നോട് പറയുന്നത്. അങ്ങനെ ഞങ്ങൾ ജോഷിയോട് പറഞ്ഞ് അദ്ദേഹമാണ് മമ്മൂട്ടിയെ ആ റോളിലേയ്ക്ക് വിളിക്കുന്നത്. മമ്മൂട്ടി ആ കഥാപാത്രം ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി ആ ചിത്രത്തിലേയ്ക്ക് വന്നതെന്നും ഡെന്നിസ് കൂട്ടിച്ചേർത്തു.