അനശ്വര ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പൂർണകായ ശില്പം ഒരുങ്ങുന്നു.
പാലക്കാട്ടെ രാപ്പാടിയിലാണ് രാജ്യത്ത് ആദ്യമായി എസ്.പി.ബി.യുടെ പൂർണകായ വെങ്കലപ്രതിമ സ്ഥാപിക്കുക. കെ.ജെ. യേശുദാസ് നേതൃത്വം നൽകുന്ന, മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ ‘സമം’ ആണ് ശില്പം നിർമിക്കാൻ മുൻകൈയെടുക്കുന്നത്.
കണ്ണൂർ പയ്യന്നൂരിലെ കാനായിയിൽ ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് പ്രതിമയുടെ നിർമാണം നടക്കുന്നത്. പത്തടി ഉയരത്തിൽ പുഞ്ചിരിയോടെ തൊഴുത് കൈകൂപ്പി നിൽക്കുന്ന ഭാവത്തിലാണ് ശിൽപം ഒരുങ്ങുന്നത്. വെങ്കലത്തിൽ ഒരുക്കുന്നതിന് മുന്നോടിയായി കളിമണ്ണുകൊണ്ട് നിർമിച്ച രൂപം പൂർത്തിയായിട്ടുണ്ട്.
ഇനി മെഴുക് പൊതിഞ്ഞ ശേഷം വെങ്കലത്തിലുള്ള രൂപമാറ്റം ആരംഭിക്കുകയാണ് ചെയ്യുക. നാലു മാസത്തിനുള്ളിൽ ശില്പത്തിന്റെ നിർമാണം പൂർത്തിയാക്കി അനാവരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പൂർത്തിയായ ശില്പത്തിന് ഒരു ടൺ ഭാരമുണ്ടാകും.
മെഴുകുപൊതിയലടക്കമുള്ള ബാക്കി പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു. 2020 സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം.