'കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവല ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്'

കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്കെന്ന് സംവിധായകന്‍ ആഷിഖ് അബു. സ്വതന്ത്ര സോഷ്യല്‍ മീഡിയ അഭിപ്രായ പ്രകടനങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കുന്നില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ആഷിഖ് അബു ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.

“ഒരു നിലപാടുമായി മുന്നോട്ടു പോകുന്നയാള്‍ എന്ന നിലയില്‍ അഭിപ്രായ സൃഷ്ടിക്കുന്ന ശത്രുക്കളെ ഞാന്‍ ഭയക്കാറില്ല. അതിനെ വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല. കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്. ആ കാഴ്ച്ച കണ്ട് ചിലര്‍ രസിക്കും, ചിലര്‍ കണ്ണ് പൊത്തും, മറ്റു ചിലര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്ഥലം വിടും. എന്ത് ചെയ്യണമെന്ന തീരുമാനം നമ്മുടെ സംസ്‌ക്കാരത്തിന് അനുസരിച്ചായിരിക്കും. അവിടുത്തെ പോര്‍വിളികള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല” – ആഷിഖ് അബു പറഞ്ഞു.

മായാനദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസീനുമായി പങ്കുവെയ്ക്കുകയായിരുന്നു ആഷിഖ് അബു. എന്തുകൊണ്ട് ഫഹദ് ഫാസിലിനെ നായകനാക്കുന്നതിന് പകരം ടൊവീനോയെ നായകനാക്കി എന്ന ചോദ്യത്തിന് ആഷിഖ് നല്‍കിയ ഉത്തരം “ഫഹദിനെ നായകനാക്കിയാല്‍ ആളുകള്‍ പലതും പ്രതീക്ഷിക്കും. അത് മറയ്ക്കാനാണ് പക്വതയില്ലാത്ത മാത്തന്‍ എന്ന കഥാപാത്രത്തിലേക്ക് ടൊവീനോയെ കൊണ്ടുവന്നത്” എന്നാണ്.

മായാനദിയിലെ ചുംബന രംഗത്തെക്കുറിച്ചും ആഷിക് അബു പ്രതികരിച്ചു, “രണ്ടു പേര്‍ ചുംബിക്കുന്നത് കാണുമ്പോള്‍ എന്താണ് കുഴപ്പം. ലോകസിനിമയുടെ മാറ്റങ്ങള്‍ അടുത്തറിയുന്ന യുവതലമുറയുടെ മുന്നിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്”.