പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ സംഘടനയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും നിര്‍മ്മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി നിലപാട് അറിയിച്ചത്.
ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ലിജോ ജോസ് പെല്ലിശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടനയെന്നും അടുത്തിടെ ഫെഫ്കയില്‍ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.