രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ ഏപ്രിൽ 11 ന് തിയേറ്ററുകളിൽ എത്തുകയാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള ഒരു ലോക്കൽ ഗുണ്ടാ നേതാവിന്റെ കഥയാണ് ആവേശത്തിന്റെ പ്രമേയമെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ആവേശത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്. നേരത്തെ ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആണ് ആവേശം എന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ രോമാഞ്ചവുമായി ആവേശത്തിന് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. “ആവേശം ആവേശമാണ്. രോമാഞ്ചം രോമാഞ്ചമാണ്. ആവേശത്തിന് രോമാഞ്ചവുമായി ഒരു ബന്ധവുമില്ല. ഇത് വേറെ ഒരു സിനിമ തന്നെയാണ്. ഫഹദിന്റെ ഒരു കൊമേഷ്യൽ പടമെന്ന രീതിയിലാണ് ആവേശത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നത്. സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ഫഹദ് ഇതിൽ എന്തും ചെയ്യാൻ തയ്യാറാണ് എന്ന പോലെ റെഡിയായി നിന്നു. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാമെന്ന രീതിയിൽ പടം ഷൂട്ട് ചെയ്യുകയായിരുന്നു.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജിത്തു മാധവൻ പറഞ്ഞത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Read more
അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് ഫഹദിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്ത മാമ്മന്നൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം രജനികാന്ത് നായകനാവുന്ന വേട്ടയ്യ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ മികച്ച പ്രകടനം നടത്താൻ ഇരിക്കുന്ന അവസരത്തിലാണ് ആവേശം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.