പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’. ഹൊറർ- മിസ്റ്ററി ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് ഇന്നായിരുന്നു.
ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിനൊപ്പം, ടെക്നിക്കലി മികച്ച സിനിമയായും ബ്രമയുഗം വിലയിരുത്തപ്പെടുന്നു.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ‘മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക്. ഫിലിം മേക്കിങ്ങിന്റെ ഏറ്റവും മികച്ച രൂപമാണ് ഭ്രമയുഗം എന്നാണ് അഭിനവ് പറയുന്നത്. കൂടാതെ ഭ്രമയുഗത്തിന് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പോലെയുള്ള രീതിയാണെന്നും അഭിനവ് എക്സിൽ കുറിച്ചു.
വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഷെഹ്നാദ് ലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, സംഗീതം ക്രിസ്റ്റോ സേവിയർ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുൽ സദാശിവൻ. ‘റെഡ് റൈൻ’ എന്ന രാഹുലിന്റെ ആദ്യ സിനിമയും നിരൂപക പ്രശംസകൾ നേടിയിരുന്നു. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം.