സിനിമയ്ക്ക് പുറത്ത് എപ്പോഴും ചർച്ചകളിൽ വിഷയമാവുന്ന താരമാണ് വിനായകൻ. തന്റെ സ്റ്റേറ്റ്മെന്റുകൾ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ഒരു വിഭാഗം ആളുകൾ ഇന്നും വിനായകനെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു. നടൻ എന്ന വിനായകന് അപ്പുറം സംഗീത സംവിധായകനായ വിനായകനെ ചിലപ്പോൾ അധികം പേർക്കും അറിയില്ല. രാജീവ് രവിയുടെ കമ്മട്ടിപാടത്തിലെ ‘പുഴു പുലികൾ’ എന്ന ഗാനവും അൻവർ റഷീദിന്റെ ട്രാൻസിലെ ടൈറ്റിൽ ട്രാക്കും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് വിനായകനാണ്.
സംഗീതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ഇപ്പോൾ വിനായകൻ. അടിസ്ഥാനപരമായി താൻ സൈക്കഡലിക്ക് ട്രാക്ക് മാത്രം കേൾക്കുന്ന ആളാണെന്നും യാത്രകളും ഗോവയിലെ ജീവിതവുമാണ് തന്റെ സംഗീതത്തെ സമ്പന്നമാക്കിയതെന്നും വിനായകൻ പറഞ്ഞു.
“കമ്മട്ടിപ്പാടവും ട്രാൻസും രണ്ട് എക്സ്ട്രീം ആണ്. പുഴു പുലികൾ എന്റെയുള്ളിലെ നോവാണ്, നമ്മളാരും ഈ ലോകത്ത് ഒന്നുമല്ല എന്നുള്ള തിരിച്ചറിവ്. അൻവർ അലി അതിന് നന്നായി എഴുതി തന്നു. കമ്മട്ടിപ്പാടം കഴിഞ്ഞ സമയത്ത് ഇനി ഇങ്ങനെയുള്ള പാട്ടുകളാണോ ചെയ്യാൻ പോവുന്നത് എന്ന് എന്നോട് എല്ലാവരും ചോദിച്ചു. അതുകൊണ്ടാണ് ട്രാൻസിൽ മാറ്റിപിടിച്ചത്. ഇനിയും സംഗീതം ചെയ്യണം. ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകൾ സംവിധാനം ചെയ്യണം. അത്ര ഒളളൂ.” മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.
സിനിമയിലെ ലഹരിയെ പറ്റിയും വിനായകൻ പറഞ്ഞു. സിനിമാ ഇൻഡസ്ട്രിയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ പരിപാടിയുണ്ട്. സിനിമയ്ക്ക് മാത്രമായി പ്രത്യേക സംഭവം ഇല്ല. എം. ഡി. എം. എയും മെത്തും വേറെ വേറെയാണ്, രണ്ടിനും രണ്ട് ട്രിപ്പ് ആണ്. നിങ്ങൾ കഴിക്കുന്ന എല്ലാത്തിലും വിഷാംശമുണ്ട്, നമ്മളൊക്കെ ആരോഗ്യം മാത്രം നോക്കിയാൽ മതി. വിനായകൻ പറഞ്ഞു.
വിനായകൻ സർക്കാർ ഉദ്യോഗം കളഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നത് എന്ന് എല്ലാവരും പറയുന്നുണ്ട് പക്ഷേ അത് ശരിയല്ലെന്നും, പത്താം ക്ലാസ് മൂന്ന് വട്ടം എഴുതിയിട്ടയും പാസാവാത്ത ആളാണ് താനെന്നും, ഓരോ വട്ടം എഴുതിയപ്പോഴും 162, 172, 182 എന്നിങ്ങനെ മാർക്കുകൾ മാത്രമേ കൂടിയൊളളൂ എന്നും വിനായകൻ കൂട്ടിചേർത്തു.