സിനിമയിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരെ വിഷമിപ്പിച്ചുവെന്ന് അറിഞ്ഞുവെന്നും ഇരുണ്ടകാലം താണ്ടി അന്യഭാഷകളിലടക്കം സിനിമകള്‍ ചെയ്തുവരികയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് നടൻ അപ്പാനി ശരത്. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.
മാസങ്ങൾക്കു മുൻപ് അപ്പനി ശരത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വാർത്തകളിൽ നിറഞ്ഞത്. സ്റ്റേജ് ഷോകളെ പറ്റിയും ജീവിക്കാൻ വേണ്ടി ചായക്കട നടത്തിയതും കറി പൗഡർ വിറ്റു നടന്നതുമൊക്കെ തരാം അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മൂവി വേൾഡ് ചാനലിന് നൽകിയ അഭിമുഖവും ഏറെ ശ്രദ്ധ നേടിയിരുന്നു.
‘ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. നമ്മിൽ പലരും സാമ്പത്തികമായും മാനസികമായും തകർന്നുപോയിരുന്ന ചില ദിവസങ്ങൾ. ആ കാലത്ത് ഞാൻ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി 3 മാസങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു.
കോവിഡിന് ശേഷമുള്ള ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയും, നിങ്ങൾ പ്രേക്ഷകർ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വർഷങ്ങൾ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോൾ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു’ അപ്പാനി പോസ്റ്റിൽ കുറിച്ചു.