ഉണ്ണി മുകുന്ദന്‍ ശത്രുവാണോ? മാതൃകയാക്കേണ്ട ഒരാള്‍ തെറി വിളിച്ചത് ഒട്ടും ശരിയായില്ല.. എന്നുവെച്ച് ഞാന്‍ ഗൂഢാലോചന നടത്തില്ല: ബാല

ഉണ്ണി മുകുന്ദന്‍ ഇപ്പോഴും തന്റെ സഹോദരന്‍ തന്നെയാണെന്ന് നടന്‍ ബാല. ‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ തെറി വിളിച്ച യൂട്യൂബര്‍ സായി കൃഷ്ണയ്ക്കും സന്തോഷ് വര്‍ക്കിക്കൊപ്പമുള്ള ചിത്രം ചര്‍ച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി ബാല രംഗത്തെത്തിയത്.

ഉണ്ണി മുകുന്ദന്‍ തന്റെ ശത്രുവാണോ? ഇതുവരെ അങ്ങനെ കരുതിയിട്ടില്ല. അന്നും ഇന്നും എന്നും താന്‍ പറയുന്നത് ഉണ്ണി തന്റെ സഹോദരന്‍ ആണെന്നാണ്. ഉണ്ണിയുടെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രതിഫലം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി അത് തുറന്നു പറഞ്ഞു. പറയാന്‍ ഉള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും.

വെറുപ്പ് മനസില്‍ വച്ച് പുലര്‍ത്തുന്ന ആളല്ല താന്‍. ഉണ്ണിയോടും പറയാന്‍ ഉള്ളത് പറഞ്ഞു. അതില്‍ കവിഞ്ഞ് അവന്‍ തന്റെ ശത്രു അല്ല. സായി കൃഷ്ണയുടെ യൂട്യൂബ് വീഡിയോ താന്‍ കേട്ടതാണ്. നമ്മള്‍ എന്നും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം, അഭിനേതാക്കള്‍ പ്രത്യേകിച്ചും. പൊതുജനങ്ങള്‍ നമ്മളെ കണ്ട് ഒരുപാടു കാര്യങ്ങള്‍ അനുകരിക്കാറുണ്ട്.

അങ്ങനെ മാതൃകയാക്കേണ്ട ഒരാള്‍ തെറി വിളിച്ചത് ഒട്ടും ശരിയായില്ല. പക്ഷേ സായി തനിക്ക് സുഖമില്ലാതിരിക്കുന്നത് കൊണ്ട് കാണാന്‍ വന്നതാണ്. താന്‍ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യില്ല. വലിയൊരു ദൈവ വിശ്വാസി ആണ്. ദൈവത്തിന് നിരക്കാത്തത് ഒന്നും ചെയ്യില്ല. ആരെയും വഞ്ചിക്കുകയോ ഗൂഢാലോചന നടത്തുകയോ അപവാദം പറയുകയോ ചെയ്യില്ല.

ഒരു വലിയ പോസ്റ്റില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ചിട്ട് പറയുകയാണ്, ”ബാല നിങ്ങള്‍ക്ക് ഇതൊന്നും നല്ലതല്ല എന്ന്”. താന്‍ എന്താണെന്ന് ചോദിച്ചു. ”ഉണ്ണി മുകുന്ദനുമായി പ്രശ്‌നത്തില്‍ ഇരിക്കുന്ന ആളുമായി ഫോട്ടോ ഒക്കെ പോസ്റ്റ് ചെയുന്നത് ശരിയാണോ? അയാളെ കൂട്ടുപിടിച്ച് പുതിയ പദ്ധതികള്‍ ഇടുകയാണോ?” എന്ന് അയാള്‍ ചോദിച്ചു.

Read more

താന്‍ അത്തരക്കാരനല്ലെന്ന് പറഞ്ഞു. താന്‍ ഇപ്പോഴും പറയുകയാണ് ഉണ്ണി ശത്രു അല്ല. ഉണ്ണി എപ്പോള്‍ വിളിച്ചാലും താന്‍ സൗഹൃദപൂര്‍വം സംസാരിക്കും. പക്ഷേ അന്ന് പ്രശ്‌നം ഉണ്ടായതിന് ശേഷം അവന്‍ വിളിച്ചിട്ടില്ല, താനും അങ്ങോട്ട് വിളിച്ചിട്ടില്ല എന്നാണ് ബാല മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.