മുന്‍ഭാര്യ ഡോക്ടര്‍ എലിസബത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നടന്‍ ബാല. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാല പരാതി നല്‍കിയത്. എലിസബത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല ഇപ്പോള്‍. എലിസബത്ത് വീഡിയോയില്‍ നടനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു കൊണ്ടാണ് ബാലയുടെ പ്രതികരണം. എലിസബത്ത് ഉദയന്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്, അവരുടെ ആദ്യ വിവാഹം തകരാന്‍ കാരണമുണ്ട് എന്നൊക്കെയാണ് ബാല മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇനിയും തന്നെ അപമാനിച്ചാല്‍ ന്യായം നോക്കാതെ എലിസബത്തിനെ താന്‍ ഉപദ്രവിക്കുമെന്നും ബാല പറയുന്നുണ്ട്.
ബാലയുടെ വാക്കുകള്‍:
എന്നെയും കുടുംബത്തെയും അവര്‍ മാനസികമായി പീഡിപ്പിക്കുന്നു. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസ ഇല്ലെങ്കില്‍, ഒരു മൊബൈല്‍ ഫോണ്‍ വച്ചിട്ട് എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ആ ലെവലിലാണ് കാര്യങ്ങള്‍. ഇത് ഒരു തൊഴിലാണോ? ഒരു സെലിബ്രിറ്റിയെ പേരെടുത്ത് അപമാനിക്കുന്നത്? എന്റെ ഭാര്യ കോകിലയെ ‘എടീ’ എന്നൊക്കെയാണ് വിളിക്കുന്നത്. ഇത് എവിടത്തെ സംസ്‌കാരമാണ്? ഇതിന് ഒരു അവസാനം വേണ്ടേ? ഒരു വെബ് സീരീസ് പോലെ പരമ്പര ആയാണ് വീഡിയോ ഇടുന്നത്. ഞാന്‍ ആരെ കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഒരുപാട് വേദനയോടെ ഞാനൊരു കാര്യം ചോദിക്കട്ടെ! ഞാന്‍ ബലാത്സംഗം ചെയ്യുന്ന ആളാണോ? ഒന്നര വര്‍ഷം, രണ്ട് വര്‍ഷം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ പറ്റുമോ? ഒരു പ്രാവശ്യം ചെയ്താല്‍ അല്ലേ റേപ്പ്? പിന്നെയും പിന്നെയും റേപ്പ് ചെയ്താല്‍ അത് എങ്ങനെ റേപ്പ് ആകും? ഞാന്‍ ഒരു ലിവര്‍ ട്രാന്‍സ്പ്ലാന്റ് രോഗിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓപ്പറേഷന്‍ സമയത്താണ് വന്നത്.
അതിന് മുമ്പ് അവര്‍ എവിടെയായിരുന്നു? അത് ആര്‍ക്കും അറിയില്ല. എലിസബത്ത് എവിടെ ആയിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. എന്തൊക്കെ പീഡനങ്ങളാണ് അവര്‍ പറയുന്നത്! ഈ ഒന്നര വര്‍ഷം കഴിഞ്ഞ് അവര്‍ എന്തിന് ഇപ്പോള്‍ പറയുന്നു. ഇത്രയും കാലം എലിസബത്ത് എവിടെ ആയിരുന്നു? എന്തുകൊണ്ട് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നു? കഴിഞ്ഞൊരു വീഡിയോയില്‍ അവരുടെ ഭര്‍ത്താവ് എവിടെ എന്നൊരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. അയാള്‍ ഒരു ഡോക്ടര്‍ ആയിരുന്നു. അതിന് മറുപടി പറഞ്ഞത് ആ ബന്ധം രണ്ടോ മൂന്നോ ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. എന്റെ അറിവില്‍ ആ ബന്ധം രണ്ട് ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ഒരു മലയാളി ഡോക്ടര്‍, ഇവരും ഡോക്ടര്‍. രണ്ട് പേരും ഒരേ പ്രൊഫഷന്‍. ഒരു ഡോക്ടറും ആക്ടറും വേര്‍പിരിഞ്ഞാല്‍ തെറ്റിദ്ധാരണ മൂലമെന്ന് കരുതാം. രണ്ട് ഡോക്ടര്‍ തമ്മിലുള്ള ബന്ധം എന്തുകൊണ്ട് രണ്ട് ആഴ്ചയില്‍ അവസാനിച്ചു? അപ്പോള്‍ ഒരു ചോദ്യം വരില്ലേ? ജസ്റ്റിസ് ഫോര്‍ എലിസബത്ത് എന്നു പറയുന്ന പോലെ ജസ്റ്റിസ് ഫോര്‍ മെയില്‍ ഡോക്ടര്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ എത്ര പേര്‍ അംഗീകരിക്കും. അയാളുടെ ജീവിതം എന്തായെന്ന് അറിയാമോ നിങ്ങള്‍ക്ക്?
ഒരു വിവാഹമോചന കേസില്‍ ഒരാള്‍ക്ക് എന്തൊക്കെ സംഭവിക്കുമെന്ന് അറിയാമോ? ഭയങ്കര കഷ്ടമാണ്. ഇതെല്ലാം കടന്നു വന്ന് മരണത്തെ നേരില്‍ കണ്ട്, ഒരു ലിവര്‍ ട്രാന്‍സ്പ്ലാന്റും നടത്തിയതിന് ശേഷം ഇപ്പോഴാണ് ഞാന്‍ സമാധാനമായി ഒരു വിവാഹ ജീവിതം നയിക്കുന്നത്. കൊച്ചി വിട്ട് വൈക്കത്തേക്ക് പോയി. അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ജീവിക്കുകയാണ്. ഈ മാസം 21ന് ഒരു പെണ്‍കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയ ഞാന്‍ നടത്തിക്കൊടുക്കുകയാണ്. സംശയമുള്ളവര്‍ക്ക് നേരില്‍ പോയി അന്വേഷിക്കാം. അല്ലെങ്കില്‍ വൈക്കത്ത് എന്റെ വീട്ടിലേക്ക് വരൂ. ഞാന്‍ ബില്‍ കാട്ടിത്തരാം. എന്റെ സ്വന്തം കാശാണ് ഞാന്‍ കൊടുത്തത്. എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാജമാണോ? എനിക്ക് കുഴല്‍പ്പണത്തിന്റെ പരിപാടി ഉണ്ടോ? ഇതെല്ലാം പച്ചനുണയാണ്.
എത്രയെത്ര ആരോപണങ്ങള്‍! മരിച്ചു പോയ എന്റെ അച്ഛനെ അവര്‍ കണ്ടിട്ട് പോലുമില്ല. എന്നിട്ട് പറയുകയാണ്, ബാങ്കില്‍ പൈസ ഉണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്ന് എന്റെ അച്ഛന്‍ പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ആരെങ്കിലും ഇതു പറയുമോ? ഞാന്‍ മുമ്പ് പറഞ്ഞിരുന്നില്ലേ, ഇത് ഒരാളല്ല, കൂട്ടമായുള്ള ആക്രമണം ആണെന്ന്! ഇതിനൊരു ക്യാപ്റ്റന്‍ ഉണ്ട്. നാലഞ്ച് പേരാണ് ഇത് ചെയ്യുന്നത്. പിന്നെ, നിങ്ങള്‍ തന്നെ വീഡിയോ കണ്ടില്ലേ? രണ്ട് യുട്യൂബേഴ്‌സ് തൃശൂര്‍ വരെ പോയി അവര്‍ക്ക് കൈ കൊടുത്ത് സംസാരിച്ചതൊക്കെ!
ഒരു യുട്യൂബ് ചാനല്‍ വഴി ഒരു ഭര്‍ത്താവിനെയും ഭാര്യയെയും നിരന്തരമായി അപമാനിക്കുക. ഞാനൊരു രോഗിയാണ്. ജീവിതം കാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ട ഒരു രോഗി! മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. മരിച്ചു പോയ എനിക്ക് ദൈവം ജീവന്‍ തിരികെ തന്നതാണ്. ആ ജീവനെയാണ് അവര്‍ തിരികെ എടുക്കാന്‍ നോക്കുന്നത്. നന്നായി ഞങ്ങള്‍ ജീവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? ഞാന്‍ വിവാഹം കഴിക്കും, എനിക്കും കുട്ടികള്‍ വേണം എന്ന് മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ! എനിക്കൊരു കുട്ടി ജനിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ലേ? ഞാനെല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. ഞാന്‍ റേപ്പ് ചെയ്യുമോ? അത് നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ പഠിച്ച ആളല്ലേ? വിദ്യാഭ്യാസം ഇല്ലേ? അവര്‍ ഡോക്ടര്‍ അല്ലേ? അവരെ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല?
അവര്‍ പറയുന്നത് പൊലീസ് വീട്ടില്‍ വന്നു, പക്ഷേ, എന്തിന് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് പൊലീസ് ചോദിച്ചില്ല എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊക്കെ സംഭവിക്കുമോ? എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാനെന്തിന് പൊലീസില്‍ പരാതി കൊടുക്കണം? അവര്‍ ഒരു കടുത്ത വിഷാദരോഗിയാണ്. രണ്ടാഴ്ചയിലാണ് ആദ്യത്തെ വിവാഹം തകര്‍ന്നത്. അയാളൊരു ഡോക്ടര്‍ ആയതുകൊണ്ട് ബുദ്ധിയുണ്ടായിരുന്നു. ഈ സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്.
ഞാനും കോകിലയും കോകിലയുടെ ഇഷ്ടപ്രകാരമാണ് ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്. അതൊരു കുക്കിങ് ചാനലാണ്. അതില്‍ ഇതുവരെ മോശമായൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവര്‍ ഇപ്പോള്‍ കാശുണ്ടാക്കുന്നുണ്ട്. എനിക്കെത്ര നഷ്ടം? കേസ് കൊടുത്താല്‍ അവര്‍ എനിക്ക് തിരിച്ചു തരുമോ? എന്റെ പേര് പോയി, കരിയറില്‍ മോശപ്പേര്, സമൂഹത്തില്‍ ഞാനൊരു റേപ്പിസ്റ്റ്! 19 വയസിന് താഴെയുള്ള പെണ്ണിനെയും 60 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് എനിക്ക് താല്‍പര്യമെന്ന് പറയുന്നു! എന്താണിത്? എത്ര മോശമാണിത്? അമ്മൂമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലൈംഗികതാല്‍പര്യം ഉണ്ടെന്ന്! ഇങ്ങനെ ഒരു ഡോക്ടര്‍ സംസാരിക്കുമോ? അതോ മെന്റല്‍ പേഷ്യന്റ് സംസാരിക്കുമോ?
എന്തുകൊണ്ട് സമൂഹത്തില്‍ വയലന്‍സ് ഉണ്ടാകുന്നു? മറ്റൊരാളുടെ സ്വാകര്യ ജീവിതത്തിലേക്ക് അതിക്രമിച്ച് കയറിപ്പോകുമ്പോഴാണ് വിഷയം വ്യക്തിപരമാകുന്നതും പ്രശ്‌നങ്ങളുണ്ടാകുന്നതും. ഇപ്പോള്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നിട്ടും എന്റെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നാല്‍, എന്റെ ഭാര്യയെ എടീ, വാടീ എന്നൊക്കെ പറഞ്ഞാല്‍ ഒരു ദിവസം ഞാന്‍ നടന്‍ ബാല ആയിരിക്കില്ല. ന്യായം നോക്കില്ല. ചിലപ്പോള്‍ ഞാന്‍ ഇടിക്കേണ്ടി വരും. അത് ഞാനല്ല, നിങ്ങളായാലും നിങ്ങളുടെ ഭാര്യയെ ഇങ്ങനെയൊക്കെ വിളിച്ചാല്‍ മുഖത്തടിക്കും. പക്ഷേ, വയലന്‍സ് വേണ്ടെന്ന് വച്ച് ഞങ്ങളിപ്പോള്‍ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ഞാനിപ്പോള്‍ എടുത്തിരിക്കുന്ന ഈ ചുവട് എല്ലാവര്‍ക്കും മാതൃക ആകണം. ഞങ്ങള്‍ തീര്‍ച്ചയായും ജയിച്ചിരിക്കും.